തൃശൂർ: വടക്കാഞ്ചേരിയിൽ വിദ്യാർത്ഥികളെ ബസിൽ കയറ്റാൻ വിസമ്മതിച്ച സംഭവത്തിൽ സ്വകാര്യ ബസ് കണ്ടക്ടർ രാമദാസിന്റെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. കൂടാതെ, കണ്ടക്ടർക്ക് പ്രത്യേക ബോധവത്കരണ ക്ലാസും നൽകാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചു.
വടക്കാഞ്ചേരി ജോയിന്റ് ആർടിഒ ഓഫീസിൽ ഹാജരാക്കി വിശദീകരണം കേട്ട ശേഷമാണ് നടപടി സ്വീകരിച്ചത്. വിദ്യാർത്ഥികൾ കൈകൂപ്പി അഭ്യർഥിച്ചിട്ടും ബസിൽ കയറ്റാതെ പുറത്തുനിർത്തിയ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് മോട്ടോർ വാഹന വകുപ്പ് ഇടപെട്ടത്.
കഴിഞ്ഞ ദിവസം വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങാനായി വടക്കാഞ്ചേരി ബസ് സ്റ്റാൻഡിൽ കാത്തുനിന്ന ക്ലീലിയ സ്കൂളിലെ വിദ്യാർത്ഥികളാണ് അപമാനകരമായ പെരുമാറ്റത്തിന് ഇരയായത്. വിദ്യാർത്ഥി കൺസഷൻ നിരക്കിൽ യാത്ര ചെയ്യുന്നതിനാൽ കുറച്ച് പേരെ മാത്രമേ കയറ്റാനാകൂവെന്നായിരുന്നു കണ്ടക്ടറുടെ വിശദീകരണം. വീട്ടിലെത്താൻ വൈകുമെന്ന ആശങ്ക പങ്കുവെച്ച് സഹായം അഭ്യർഥിച്ചിട്ടും കുട്ടികളെ ബസിൽ കയറ്റാൻ അദ്ദേഹം തയ്യാറായില്ല.
സംഭവം വിവാദമായതോടെ ജില്ലാ ഭരണകൂടം, പൊലീസ്, മോട്ടോർ വാഹന വകുപ്പ് എന്നിവർ സംയുക്തമായി ഇടപെട്ടു. തുടർന്ന് കണ്ടക്ടറെ വിളിച്ചുവരുത്തി ലൈസൻസ് പിടിച്ചുവെക്കുകയും നടപടികൾ ആരംഭിക്കുകയും ചെയ്തു.
ഇതിന് പിന്നാലെ വടക്കാഞ്ചേരി പൊലീസ് ബസ് സ്റ്റാൻഡുകളിലെ പരിശോധന ശക്തമാക്കി. സ്വകാര്യ ബസ് ജീവനക്കാർക്കും ഉടമകൾക്കും മുന്നറിയിപ്പും നൽകി. വിദ്യാർത്ഥി സംഘടനകളും സംഭവത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.
സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര അനുവദിച്ചതിന് പിന്നാലെ വിദ്യാർത്ഥി കൺസഷൻ ഉൾപ്പെടെയുള്ള ഇളവുകൾ പുനഃപരിശോധിക്കണമെന്ന ആവശ്യം സ്വകാര്യ ബസ് ഉടമകൾ അടുത്തിടെ ഉന്നയിച്ചിരുന്നു. അതിന് പിന്നാലെയായിരുന്നു വിദ്യാർത്ഥികളെ ബസിൽ കയറ്റാതെ തിരിച്ചയച്ച സംഭവം നടന്നത്.






