ആലപ്പുഴ: നവകേരള സദസ് യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഗൺമാന്മാർ മർദിച്ച കേസിൽ അന്വേഷണത്തിന്റെ ഭാഗമായി എഡിജിപി എം.ആർ. അജിത് കുമാറിന്റെ മുൻ ഓഫീസ് പരിശോധിച്ച് എസ്ഐടി.
എഡിജിപിയുടെ ക്രമസമാധാന ചുമതലയുള്ള ഓഫീസ് ഉൾപ്പെടെ സന്ദർശിച്ച എസ്ഐടി സംഘം സന്ദർശക രജിസ്റ്ററും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. പേരൂർക്കട അഗസ്ത്യ പൊലീസ് ക്ലബ്ബിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കിയതായി റിപ്പോർട്ടുണ്ട്.
അതേസമയം, കേസിലെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന എസ്ഐടിയുടെ അപ്പീലിലാണ് നടപടി. പരാതിക്കാരായ ആലപ്പുഴ എംഎൽഎ എ.ഡി. തോമസിനും യൂത്ത് കോൺഗ്രസ് നേതാവ് അജയ് ജുവൽ കുര്യാക്കോസിനും നോട്ടീസ് നൽകിയിട്ടുണ്ട്.
പ്രതികൾ ഉൾപ്പെടെയുള്ളവർ ഈ മാസം 27ന് മറുപടി നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.




