ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്ന നിലപാട് ആവർത്തിച്ച് തമിഴ്നാട് സർക്കാർ. കേരളത്തിന്റെ പുതിയ ഡാം ആവശ്യത്തെ ശക്തമായി എതിർക്കുമെന്നും തമിഴ്നാട് സർക്കാർ നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തിൽ വ്യക്തമാക്കി.
തമിഴ്നാട് നിയമസഭയുടെ പുതിയ സമ്മേളനം തമിഴ് തായ് വാഴ്ത്ത് ആലപിച്ചാണ് ആരംഭിച്ചത്. ആദ്യ സമ്മേളനവുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് ഇത്തവണ വന്ദേമാതരം ആലപിച്ചില്ല. പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളെ അഭിനന്ദിച്ചുകൊണ്ടാണ് ഗവർണർ നയപ്രഖ്യാപന പ്രസംഗം തുടങ്ങിയത്. പ്രസംഗത്തിൽ പെരിയാർ, അണ്ണാദുരൈ, അംബേദ്കർ എന്നിവരുടെ സംഭാവനകളും പരാമർശിച്ചു.
അതേസമയം, മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന്റെ നിലപാട് കഴിഞ്ഞ ദിവസം ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കിയിരുന്നു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് സ്വീകരിച്ച നിലപാടിൽ തന്നെയാണ് നിലവിലെ സർക്കാരും ഉറച്ചുനിൽക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും തമിഴ്നാടിന് ആവശ്യമായ ജലലഭ്യത നിലനിർത്തുകയും ചെയ്യുക എന്നതാണ് സംസ്ഥാനത്തിന്റെ സ്ഥിരം നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ മുല്ലപ്പെരിയാർ വിഷയവുമായി ബന്ധപ്പെട്ട കേസുകൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
.






