തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ ചീഫ് തസ്തികകളിലേക്കുള്ള പിഎസ്‌സി പരീക്ഷയുടെ മൂല്യനിർണയത്തിൽ പിഴവ് സംഭവിച്ചതായി കണ്ടെത്തി. പിഎസ്‌സിയുടെ ആഭ്യന്തര വിജിലൻസ് വിഭാഗം ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചു.
10 ചോദ്യങ്ങളുടെ ഉത്തരങ്ങൾ പരിശോധിക്കാതെയാണ് പരീക്ഷാഫലം പ്രഖ്യാപിച്ചതെന്നാണ് കണ്ടെത്തൽ. ഇത് ഗുരുതരമായ വീഴ്ചയാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വിഷയം മറ്റന്നാൾ ചേരുന്ന പിഎസ്‌സി യോഗത്തിൽ ചർച്ച ചെയ്യും.
ആസൂത്രണ ബോർഡിലെ മൂന്ന് വിഭാഗങ്ങളിലെ ചീഫ് തസ്തികകളിലേക്കുള്ള പരീക്ഷയിലാണ് 10 ഉത്തരങ്ങൾ മൂല്യനിർണയം ചെയ്യാതെ പോയത്. ഇതിൽ രണ്ട് തസ്തികകളുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുകയും രണ്ട് പേർക്ക് നിയമനം നൽകുകയും ചെയ്തിരുന്നു. പിന്നീട് ഒരു ഉദ്യോഗാർഥി അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ പരാതി നൽകിയതോടെയാണ് പിഎസ്‌സി പിഴവ് അംഗീകരിച്ചത്.
അതേസമയം, പിഎസ്‌സി പരീക്ഷാ ക്രമക്കേടുകളിൽ എസ്ഐടി അന്വേഷണം തുടരുകയാണ്. പരീക്ഷാ ക്രമക്കേട് ആരോപണങ്ങളെ തുടർന്ന് സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു. ആസൂത്രണ ബോർഡ് ചീഫ്, കെഎഎസ് പരീക്ഷകളിലാണ് ആദ്യം ക്രമക്കേട് ആരോപണം ഉയർന്നത്. ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. എസ്പി സക്കറിയ മാത്യുവും ഡിവൈഎസ്പി ജി. അജയ് നാഖും സംഘത്തിലുണ്ട്. എസ്ഐടി സംഘം പിഎസ്‌സി ആസ്ഥാനത്ത് പരിശോധന നടത്തി. പ്രധാനമായും കമ്പ്യൂട്ടറുകളും അനുബന്ധ രേഖകളുമാണ് പരിശോധിച്ചത്.




