ആകാശത്ത് കാർമേഘങ്ങൾ വിങ്ങി നിന്ന ആ വൈകുന്നേരം, പ്രതീകാത്മകമായി ആ മനുഷ്യനെ അവർ ശവമഞ്ചത്തിൽ ചുമന്ന് ആഘോഷയാത്ര നടത്തി. വൈകാരികതയുടെ പ്രതീതി സന്ദർഭങ്ങൾ സൃഷ്‌ടിക്കപ്പെട്ടു.
ആൾക്കൂട്ടത്തിൻ്റെ അസഭ്യവർഷങ്ങൾക്ക് അയാൾ എറിഞ്ഞു കൊടുക്കപ്പെട്ടു.
അനന്തരം ഒരു കൊഴുത്ത കാളക്കുട്ടിയെ കൊന്ന് അവർ വിരുന്നൊരുക്കി.
ഇടുക്കിയുടെ മല മുകളിൽ ആഘോഷം കനക്കുമ്പോൾ
അപമാനിതനായി, എല്ലാവരാലും തള്ളിപ്പറയപ്പെട്ട്, വിശ്വസിച്ച പ്രസ്ഥാനം പോലും കൂടെയില്ലാതെ അയാൾ മലയിറങ്ങി.
തന്റെ നിലപാടുകളുടെ പേരില്‍ പി.ടി യോളം നഷ്ടം സഹിക്കേണ്ടി വന്ന മറ്റൊരു നേതാവ് കേരളത്തില്‍ ഉണ്ടായിക്കാണില്ല. ഒരു സ്വാധീന ശക്തിയോടും വിധേയത്വം കാണിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല, ഗാഡ്കില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ വേണ്ടി നടത്തിയ പോരാട്ടത്തിൽ ഇടുക്കി പോലൊരു മണ്ഡലത്തില്‍, അവിടുത്തെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയായി നില്‍ക്കുന്ന ക്രിസ്ത്യന്‍ സഭ നേതൃത്വത്തെ പോലും വെല്ലുവിളിക്കാന്‍ പി.ടി ധൈര്യം കാണിച്ചു. അതിന്റെ ഫലമായി അദ്ദേഹത്തിന് നഷ്ടമായത് പാര്‍ലമെന്റ് സിറ്റിംഗ് സീറ്റായിരുന്നു. പക്ഷേ, ഒരിക്കല്‍ പോലും അതില്‍ ഖേദിക്കുകയോ, ആരോടെങ്കിലും ക്ഷമാപണത്തിന് തയ്യാറാവുകയോ പി.ടി ചെയ്തില്ല. മരണം വരെ ആ ധൈര്യം അദ്ദേഹം പുലര്‍ത്തി.
അന്നൊരു വാക്ക്കോൺഗ്രസ് പാർട്ടിയിൽ നിന്ന്
ആരെങ്കിലും അയാൾക്കായി ഉയർത്തിയോ? ഇപ്പോഴത്തെ ഈ നിലപാടുകാരൻ സതീശനെങ്കിലും. നമ്മളാരെങ്കിലും അത് കേട്ടിട്ടുണ്ടോ?
ഇന്ന് നമ്മൾ കേൾക്കുന്നത് നിലപാടുകളെ കുറിച്ചാണ്. സതീശൻ്റെ നിലപാടുകളെ കുറിച്ച്. സത്യസന്ധമായി പറയട്ടെ, ഒറ്റുകാരുടെ കൂടെയായിരുന്നു അന്ന് ഇയാളുൾപ്പെടെ ഉള്ളവർ. ഹരിത എം എൽ എ എന്ന സ്വയം നൃഷ്ടിച്ച വ്യാജ നിർമ്മിതിയായിരുന്നു എന്നും.
2009 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇടുക്കി മണ്ഡലത്തില്‍ നിന്നും 75,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പി.ടി ജയിച്ചത്. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും സ്വഭാവികമായി പി.ടി തന്നെയായിരുന്നു ഇടുക്കിയില്‍ വീണ്ടും സ്ഥാനാര്‍ത്ഥിയാകേണ്ടതായിരുന്നത്. അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളും അദ്ദേഹം തുടക്കം കുറിച്ചിരുന്നു. ഈ സമയത്താണ് പശ്ചിമഘട്ടം സംരക്ഷണത്തിന്റെ മേലുള്ള വിവാദങ്ങള്‍ കത്തിപ്പടരുന്നത്. ഈ സാഹചര്യം മുതലെടുത്ത് രാഷ്ട്രീയ എതിരാളികളും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അദ്ദേഹത്തിനെതിരേയുള്ള ആയുധമാക്കി.
കാട്ടുമൃഗങ്ങള്‍ക്കു വേണ്ടിയുള്ള റിപ്പോര്‍ട്ടാണിത്, മനുഷ്യരെ മുഴുവന്‍ കുടിയിറക്കും, ഇനിയാര്‍ക്കും വീട് വയ്ക്കാന്‍ സമ്മതിക്കില്ല, പള്ളികള്‍ പൊളിക്കും, വീടുകള്‍ പൊളിക്കും, ഇപ്പോഴുള്ള വീടുകളെല്ലാം പച്ച കളര്‍ അടിക്കേണ്ടി വരും, കുട്ടികളെ സ്‌കൂളില്‍ വിടാന്‍ പറ്റില്ല തുടങ്ങി പലതരത്തില്‍ കള്ളക്കഥകള്‍ പ്രചരിപ്പിച്ചു, വലിയൊരു വിഭാഗത്തെ വിശ്വസിപ്പിക്കാനും
പി.ടി തോമസിനെതിരേ തിരിക്കാനും അവര്‍ക്ക് കഴിയുകയും ചെയ്തു.
പശ്ചിമഘട്ട സംരക്ഷണത്തിന് വേണ്ടി നിലകൊണ്ടതിന്റെ പേരില്‍ നാനാഭാഗത്തു നിന്നും പി.ടി ക്കെതിരേ അക്രമങ്ങളുണ്ടായി. അദ്ദേഹത്തോട് വളരെ അടുപ്പമുണ്ടായിരുന്നവര്‍ പോലും തള്ളിപ്പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തെപ്പോലും എതിരാളികള്‍ വെറുതെ വിട്ടില്ല.
പി.ടി യെയും ഭാര്യയേയും കുടുംബാംഗങ്ങളെയുമെല്ലാം അധിക്ഷേപിച്ചു കൊണ്ട് സോഷ്യല്‍ മീഡിയയിലും പൊതുയോഗങ്ങളിലും പ്രചാരണം നടത്തി.
ഒരു വൈദികന്‍ അദ്ദേഹത്തിന്റെ ഭാര്യയെ മോശമായ ഭാഷയില്‍ അധിക്ഷേപിച്ചു കൊണ്ട് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടു. ഇതു കണ്ട് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ആ വൈദികനെ വിളിക്കുകയും പോസ്റ്റ് പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അതിനു ശേഷമാണ് ആ വൈദികന്‍ പോസ്റ്റ് പിന്‍വലിച്ചതും പി.ടിയോട് മാപ്പും പറഞ്ഞതും.
ഇത്രയും അതിക്രമങ്ങള്‍ക്ക് ഇരയാകേണ്ടി വന്നപ്പോഴും സ്വന്തം പാര്‍ട്ടിയില്‍ നിന്നും മുന്നണിയില്‍ നിന്നും വേണ്ട പിന്തുണ കിട്ടിയില്ലെന്നതായിരുന്നു അദ്ദേഹത്തെ വിഷമിപ്പിച്ചത്.
രാഷ്ട്രീയത്തില്‍ ഘട്ടം ഘട്ടമായി വളര്‍ന്നു വന്ന നേതാവായിരുന്നു പി.ടി തോമസ്.
കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് എന്നിങ്ങനെ വളര്‍ന്നു വന്നൊരു പാര്‍ട്ടിക്കാരന്‍. പക്ഷേ, അദ്ദേഹത്തിന് അര്‍ഹിച്ച സ്ഥാനങ്ങള്‍ നല്‍കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നില്ല. എന്നിട്ടും അദ്ദേഹം പാർട്ടിയെ തള്ളി പറഞ്ഞില്ല, ഒരിക്കലും ഒരു ഹതാശന്റെ വേഷം കെട്ടി നടന്നില്ല. ഇപ്പോള്‍ ആയതിനെക്കാള്‍ കൂടുതല്‍ ഒന്നും ആയില്ലെങ്കിലും വിഷമമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇടുക്കി പോലൊരു പിന്നാക്ക പ്രദേശത്തു നിന്നും വന്ന ഒരു സാധാരണക്കാരന് എത്താന്‍ കഴിയാവുന്നതിന്റെ പരാമാവധി എത്തി എന്നു തന്നെയാണ് താന്‍ വിശ്വസിക്കുന്നതെന്ന് പറയുന്നിടത്തായിരുന്നു പി.ടി. തോമസ് എന്ന രാഷ്ട്രീയ നേതാവിന്റെ ഔന്നത്യം.
അല്ലാതെ, ഈ തെരഞ്ഞെടുപ്പിൽ, തൻ്റെ ഇഷ്ടക്കാരനായ കൊച്ചി നിയോജക മണ്ഡലം സ്ഥാനാർത്ഥി മുഹമ്മദ് ഷിയാസിനുവേണ്ടി, ലത്തീൻ സമുദായക്കാരനായ ഹൈബി ഈഡനെയും കൂട്ടി കൊച്ചി രൂപതാ ആസ്ഥാനത്ത്ചെല്ലുകയും പ്രതീക്ഷിച്ച പിന്തുണ
കിട്ടാതിരിക്കുകയും ചെയ്തപ്പോൾ, പിറ്റേന്ന് സമുദായ നേതൃത്വത്തെ വെല്ലുവിളിച്ച് വാർത്ത വരുത്തുന്നതല്ല നിലപാടെന്ന് പ്രതിപക്ഷ നേതാവ്
വി ഡി സതീശൻ മനസ്സിലാക്കിയാൽ നന്ന്.
അന്ന്, 2014 ൽ പിടി തോമസ്, അപമാനിതനായി മലയിറങ്ങിയ രാത്രി, ആ മനുഷ്യന് വേണ്ടി ഒരു വാക്കെങ്കിലും ഉരിയാടിയിരുന്നുവെങ്കിൽ,
നിലപാടെടുത്തിരുന്നുവെങ്കിൽ, നിലപാടുകളുടെ രാജാവെന്ന് സ്വയം എടുത്തണിയുന്ന ഈ പട്ടം, പേരിനെങ്കിലും ഈ നാട് അംഗീകരിച്ചു തരുമായിരുന്നു,
മിസ്റ്റർ പ്രതിപക്ഷ നേതാവേ.




