തിരുവനന്തപുരം: ബി.ജെ.പിയിൽ നിന്ന് രാജിവെച്ചെന്ന തരത്തിലുള്ള വാർത്തകൾ തള്ളി സംസ്ഥാന ഉപാധ്യക്ഷയും തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലം വാർഡ് കൗൺസിലറുമായ ആർ. ശ്രീലേഖ. പാർട്ടിയുടെ അഭിമാനമുള്ള അംഗമായി ജീവിതാന്ത്യം വരെ തുടരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭക്തയാണെന്നും അവർ വ്യക്തമാക്കി. പാർട്ടി വിടുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അസംബന്ധമാണെന്നും സ്വന്തം യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെ ശ്രീലേഖ പ്രതികരിച്ചു.
സെപ്റ്റംബർ 30-ന് തിരുവനന്തപുരം മേയർക്ക് അയച്ച കത്തിനെക്കുറിച്ചും അവർ വിശദീകരിച്ചു. ശാസ്തമംഗലം വാർഡിലെ തെരുവുവിളക്കുകൾ പ്രവർത്തിക്കാത്തത്, തകർന്ന റോഡുകൾ, ഡ്രെയിനേജ് പ്രശ്നങ്ങൾ, കൗൺസിലർ ഓഫീസിലെ കസേരയുടെയും കമ്പ്യൂട്ടറിന്റെയും തകരാറുകൾ എന്നിവ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചത്. ഔദ്യോഗിക കാര്യങ്ങളിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്ന കാലതാമസവും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ കൗൺസിലർ പദവി ഒഴിയാൻ വരെ തയ്യാറാണെന്ന് അറിയിച്ച് മേയർക്കും ജില്ലാ കളക്ടർക്കുമാണ് കത്തയച്ചതെന്നും ശ്രീലേഖ പറഞ്ഞു.
തുടർച്ചയായ ജോലിത്തിരക്കും മാനസിക സമ്മർദവും കാരണം രക്തസമ്മർദം വർധിക്കുകയും കടുത്ത തലവേദനയും ക്ഷീണവും അനുഭവപ്പെടുകയും ചെയ്തതോടെ ആരോഗ്യനില മോശമായെന്നും അവർ വ്യക്തമാക്കി. ഡോക്ടറെ കണ്ടപ്പോൾ ഒന്നര മുതൽ രണ്ട് മാസം വരെ പൂർണ വിശ്രമം വേണമെന്ന് നിർദേശിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ സാഹചര്യത്തിൽ കൗൺസിലർ ഓഫീസിൽ നേരിട്ടെത്താൻ കഴിയില്ലെന്ന വിവരം വാർഡിലെ വോട്ടർമാരെ അറിയിക്കാനാണ് മേയർക്ക് അയച്ച കത്തിനെക്കുറിച്ചും ആശുപത്രിയിൽ കഴിയുന്ന കാര്യവും വാർഡ് വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചത്. എന്നാൽ മാധ്യമങ്ങൾ ഇത് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും അവർ ആരോപിച്ചു.
തിരുവനന്തപുരം മേയർ പദവി ലഭിക്കാത്തതിനാലോ ഡൽഹി വനിതാ കമ്മീഷനിൽ അംഗമാക്കാത്തതിനാലോ രാജിവെക്കാൻ ഒരുങ്ങുന്നുവെന്ന വാർത്തകളും ശ്രീലേഖ നിഷേധിച്ചു. രണ്ട് വർഷം മുൻപ് ബി.ജെ.പിയിൽ ചേർന്ന തനിക്ക് സംസ്ഥാന ഉപാധ്യക്ഷ പദവിയും കൗൺസിലർ സ്ഥാനവും പാർട്ടി നൽകിയിട്ടുണ്ട്. മേയറെ തീരുമാനിക്കുന്ന സമിതിയിൽ താനും അംഗമായിരുന്നുവെന്നും അവർ പറഞ്ഞു. ഡൽഹിയിലെ ഉന്നത പദവികളിൽ താൽപര്യമില്ലെന്നും കേരളത്തിൽ നിന്ന് പ്രവർത്തിക്കാനാണ് ആഗ്രഹമെന്നും ശ്രീലേഖ വ്യക്തമാക്കി. വാർത്ത പുറത്തുവന്നതിനു പിന്നാലെ പാർട്ടിയുടെ മുതിർന്ന നേതാക്കൾ ആശുപത്രിയിലെത്തി സംസാരിക്കുകയും ആശ്വാസം പകരുകയും ചെയ്തതായും അവർ കൂട്ടിച്ചേർത്തു.
ഒരു ഡി.ജി.പിയോട് പെട്ടെന്ന് പോലീസ് കോൺസ്റ്റബിളിന്റെ ജോലി അഞ്ച് വർഷത്തേക്ക് ചെയ്യാൻ ആവശ്യപ്പെട്ടാൽ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകൾക്ക് സമാനമായ പ്രയാസങ്ങളാണ് കൗൺസിലർ എന്ന നിലയിൽ താൻ അനുഭവിക്കുന്നതെന്നും ശ്രീലേഖ പറഞ്ഞു. പോലീസ് സ്റ്റേഷനിൽ വിളിച്ചുപറഞ്ഞാൽ പോലും ആരും കേൾക്കുന്നില്ലെന്നും ബി.ജെ.പി കൗൺസിലർ എന്ന നിലയിൽ കോൺഗ്രസ് ഭരിക്കുന്ന കേരളത്തിൽ തന്റെ വാക്കുകൾക്ക് പരിഗണന ലഭിക്കുന്നില്ലെന്നും അവർ ആരോപിച്ചു.
ആരോഗ്യപ്രശ്നങ്ങൾ കാരണം താൽക്കാലികമായി ഔദ്യോഗിക ചുമതലകളിൽ നിന്ന് മാറിനിൽക്കാൻ ആഗ്രഹിച്ചതിനെ ചിലർ ചതിയായി ചിത്രീകരിച്ചത് വിഷമകരമാണെന്നും ശ്രീലേഖ പറഞ്ഞു. തന്നെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത എല്ലാവർക്കും നന്ദി അറിയിച്ച അവർ, ആരോഗ്യപ്രശ്നങ്ങൾ പരിഹരിച്ച ശേഷം അച്ചടക്കമുള്ള പാർട്ടി പ്രവർത്തകയായി ബി.ജെ.പിയിൽ തുടരുമെന്നും വ്യക്തമാക്കി.




