മലപ്പുറം: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണത്തെത്തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള മൂന്ന് വിമാന സർവീസുകൾ റദ്ദാക്കി. സർവീസുകൾ മുടങ്ങിയതോടെ യാത്രക്കാർ ദുരിതത്തിലായി.
രാവിലെ 9.55ന് പുറപ്പെടേണ്ട സൗദി എയർലൈൻസിന്റെ എസ്വി 713, രാവിലെ 9.10ന് റിയാദിലേക്ക് പുറപ്പെടേണ്ട ഫ്ലൈനാസിന്റെ എക്സ്വൈ 328, രാത്രി 8.15ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐഎക്സ് 321 എന്നീ വിമാനങ്ങളാണ് റദ്ദാക്കിയത്.
റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതി വിമതർ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടതായും 309 പേർക്ക് പരിക്കേറ്റതായും സൗദി അറേബ്യ സ്ഥിരീകരിച്ചു. പരിക്കേറ്റവരിൽ നിരവധി പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
കൊല്ലപ്പെട്ടവരിൽ നാല് പേർ സൗദി പൗരന്മാരാണ്. ബംഗ്ലാദേശ്, ജോർദാൻ, ഈജിപ്ത്, പലസ്തീൻ, സിറിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരും മരിച്ചവരിലുണ്ട്.
ഫെബ്രുവരിയിൽ ഇറാനുമായി ബന്ധപ്പെട്ട് പശ്ചിമേഷ്യയിൽ യുദ്ധം ആരംഭിച്ചതിന് ശേഷം സൗദി അറേബ്യയ്ക്ക് നേരെയുണ്ടായ ഏറ്റവും വലിയ ആക്രമണമാണിതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുള്ള ആവർത്തിച്ചുള്ള ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു. സാധാരണക്കാർക്കും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും സൗദി അറേബ്യയിലെ ജനങ്ങൾക്കും സർക്കാരിനും ഇന്ത്യയുടെ ഐക്യദാർഢ്യം അറിയിക്കുന്നതായും മന്ത്രാലയം അറിയിച്ചു. പശ്ചിമേഷ്യൻ മേഖലയിൽ എത്രയും വേഗം സമാധാനവും സാധാരണ നിലയും പുനഃസ്ഥാപിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിമാന സർവീസുകൾ തടസ്സപ്പെട്ടത് ഗൾഫ് മേഖലയിലേക്ക് യാത്ര ചെയ്യാനിരുന്ന നിരവധി യാത്രക്കാരെയാണ് പ്രതിസന്ധിയിലാക്കിയത്.




