ചെന്നൈ: ചെന്നൈയിലെ പ്രമുഖ ഗ്രാനൈറ്റ് വ്യവസായി ആർ. വീരമണി മുഖ്യപ്രതിയായ പോക്സോ കേസിലെ കൂട്ടുപ്രതികളുടെ ജാമ്യാപേക്ഷ പ്രത്യേക പോക്സോ കോടതി ഇന്ന് പരിഗണിക്കും. ആർ. വീരമണിക്ക് കുട്ടികളെ എത്തിച്ചുനൽകിയെന്ന കേസിൽ അറസ്റ്റിലായ മഹേന്ദ്രസിംഹന്റെയും ഭാര്യ ശാന്തിയുടെയും ജാമ്യാപേക്ഷയാണ് പരിഗണിക്കുന്നത്.
നേരത്തെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ പൊലീസ് ശക്തമായി എതിർപ്പ് അറിയിച്ചിരുന്നു. പ്രതികൾ ജാമ്യത്തിൽ പുറത്തിറങ്ങിയാൽ ഇരകളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചത്. പൊലീസിനോട് മറുപടി സമർപ്പിക്കാൻ നിർദേശിച്ച കോടതി, ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
അതിനിടെ, മുഖ്യപ്രതി ആർ. വീരമണിക്കെതിരെ പ്രത്യേക അന്വേഷണ സംഘം ഇന്നലെ പുതിയ എഫ്ഐആർ കൂടി രജിസ്റ്റർ ചെയ്തു. വിദ്യാഭ്യാസ ധനസഹായം നൽകിയ പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്നും ഇതിൽ മനംനൊന്ത് പെൺകുട്ടി ആത്മഹത്യ ചെയ്തെന്നും ആരോപിച്ച് പെൺകുട്ടിയുടെ മാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്.




