കൊച്ചി: രാജ്യത്തെ പൈതൃക റെയിൽപ്പാതകളിൽ മലിനീകരണമില്ലാത്ത ഹൈഡ്രജൻ ട്രെയിനുകൾ സർവീസ് നടത്താൻ ഇന്ത്യൻ റെയിൽവേ ആലോചിക്കുന്നു. ഊട്ടി, ഡാർജിലിങ്, കൽക്ക-ഷിംല എന്നിവ ഉൾപ്പെടെ 30-ലേറെ പൈതൃക റൂട്ടുകളാണ് ഇതിനായി പരിഗണിക്കുന്നത്.
ഈ പാതകളിൽ ഭൂപ്രകൃതിയുടെ പ്രത്യേകതകൾ കാരണം ട്രാക്ക് വികസനമോ പൂർണ വൈദ്യുതീകരണമോ പ്രായോഗികമല്ല. വൈദ്യുത പോസ്റ്റുകളും വൈദ്യുത ലൈനുകളും സ്ഥാപിക്കുന്നത് പ്രകൃതിഭംഗിയെ ബാധിക്കുമെന്നും നിരവധി തുരങ്കങ്ങളും കുത്തനെയുള്ള വളവുകളും നിർമാണ പ്രവർത്തനങ്ങളെ ദുഷ്കരമാക്കുമെന്നും റെയിൽവേ വിലയിരുത്തുന്നു. നിലവിൽ ഡീസൽ എൻജിനുകൾ ഉപയോഗിക്കുന്ന ഈ പാതകളിലെ മലിനീകരണം കുറയ്ക്കാനാണ് നീരാവി മാത്രം പുറന്തള്ളുന്ന ഹൈഡ്രജൻ ട്രെയിനുകൾ പരിഗണിക്കുന്നത്.
ലോകത്തിലെ ഏറ്റവും കരുത്തേറിയ ഹൈഡ്രജൻ ട്രെയിൻ കഴിഞ്ഞയാഴ്ച ഹരിയാണയിലെ ജിന്ദ്–സോനിപ്പത്ത് റൂട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചിരുന്നു. നിലവിൽ രാജ്യത്തെ റെയിൽപ്പാതകളിൽ 98 ശതമാനവും വൈദ്യുതീകരിച്ചിട്ടുണ്ടെങ്കിലും, ഹൈഡ്രജൻ ട്രെയിനുകളുടെ പ്രവർത്തനച്ചെലവ് ഇപ്പോഴും ഉയർന്നതാണ്. എന്നാൽ സാങ്കേതികവിദ്യ കൂടുതൽ വികസിക്കുന്നതോടെ ചെലവ് കുറയുമെന്നാണ് റെയിൽവേയുടെ പ്രതീക്ഷ.
ലോകപൈതൃക പട്ടികയിൽ ഇടം നേടിയ ഡാർജിലിങ് ഹിമാലയൻ റെയിൽവേയും കൽക്ക-ഷിംല റെയിൽപ്പാതയും പ്രകൃതി സൗന്ദര്യത്തിന് പേരുകേട്ടവയാണ്. 1881-ൽ നിർമിച്ച 86 കിലോമീറ്റർ നീളമുള്ള ഡാർജിലിങ് ടോയ് ട്രെയിൻ ന്യൂ ജൽപായ്ഗുരിയിൽ നിന്ന് ഡാർജിലിങ് വരെയാണ് സർവീസ് നടത്തുന്നത്. 96 കിലോമീറ്റർ നീളമുള്ള കൽക്ക-ഷിംല റൂട്ടിന് 2008-ൽ യുനെസ്‌കോയുടെ ലോകപൈതൃക പദവി ലഭിച്ചു.
അതേസമയം, മേട്ടുപ്പാളയം മുതൽ ഊട്ടി വരെയുള്ള 46 കിലോമീറ്റർ പാതയാണ് ഇന്ത്യയിലെ ഏറ്റവും വേഗം കുറഞ്ഞ ട്രെയിൻ സർവീസിനുള്ളത്. മണിക്കൂറിൽ ശരാശരി 10.4 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിൻ 16 തുരങ്കങ്ങളും 250 പാലങ്ങളും 208 വളവുകളും പിന്നിട്ട് അഞ്ച് മണിക്കൂർ കൊണ്ടാണ് ലക്ഷ്യസ്ഥാനത്ത് എത്തുന്നത്.




