കണ്ണൂർ: രാജധാനി എക്സ്പ്രസിൽ നാട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിയെ മദ്യപിച്ചെത്തിയ സൈനികർ ശല്യം ചെയ്തതായി പരാതി. പെൺകുട്ടിയുടെ പരാതിയിൽ നാല് സൈനികർക്കെതിരെ കണ്ണൂർ റെയിൽവേ പൊലീസ് കേസെടുത്തു.
കണ്ണൂർ സ്വദേശികളായ മിഥുൻ, പ്രതീഷ് കുമാർ, തിരുവനന്തപുരം സ്വദേശി വിഷ്ണു, മുക്കം സ്വദേശി ബോണി എന്നിവർക്കെതിരെയാണ് കേസ്. അവധിക്ക് നാട്ടിലേക്ക് വരികയായിരുന്ന ഇവർ ട്രെയിനിലെ അതേ ബോഗിയിലാണ് യാത്ര ചെയ്തിരുന്നത്.
ഇന്നലെ വൈകിട്ടാണ് സംഭവം. മദ്യലഹരിയിലായിരുന്ന സൈനികർ പെൺകുട്ടിയോട് മോശമായി പെരുമാറിയെന്നാണ് പരാതി. തുടർന്ന് പെൺകുട്ടി ട്രെയിനിലെ ടിടിയോട് വിവരം അറിയിച്ചു. ടിടി റെയിൽവേ പൊലീസിനെ വിവരമറിയിച്ചു.
ട്രെയിൻ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ പൊലീസ് നാല് പേരെയും കസ്റ്റഡിയിലെടുത്തു. പിന്നീട് നോട്ടീസ് നൽകി ഇവരെ വിട്ടയച്ചു. സംഭവത്തിൽ റെയിൽവേ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.




