Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തിരുവനന്തപുരത്ത് മത്സരിക്കാൻ തയ്യറായി രമ്യ ഹരിദാസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കേരള രാഷ്ട്രീയത്തിൽ വീണ്ടും ചൂടേറിയ ചർച്ചകൾക്ക് തിരികൊളുത്തുകയാണ് കോൺഗ്രസ് നേതാവും മുൻ എംപിയുമായ രമ്യ ഹരിദാസിന്റെ പേര്. തുടർച്ചയായ തെരഞ്ഞെടുപ്പ് പരാജയങ്ങൾക്കു ശേഷം, വീണ്ടും നിയമസഭാ തിരഞ്ഞെടുപ്പിൽ രമ്യയെ മത്സരിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം ആലോചിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ വലിയ രീതിയിൽ ചർച്ചയാകുന്നത്. ഈ പ്രാവശ്യം ലക്ഷ്യമിടുന്നത് തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് അല്ലെങ്കിൽ അടൂർ മണ്ഡലമാണെന്നും കേൾക്കുന്നു. എന്നാൽ ഉയരുന്ന ചോദ്യം ഇതാണ് ഇത്തവണയെങ്കിലും നിയമസഭയുടെ പടി ചവിട്ടാൻ രമ്യഹരിദാസിന് സാധിക്കുമോ?

തുടക്കത്തിൽ രമ്യ ഹരിദാസ് കോൺഗ്രസിലെ യുവതലമുറ നേതാക്കളിൽ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു എന്നത് എല്ലാവർക്കും അറിയാവുന്ന ഒന്നാണ്.. ആലത്തൂർ ലോക്സഭാ മണ്ഡലത്തിൽ നിന്ന് എംപിയായി തിരഞ്ഞെടുക്കപ്പെട്ട അവർ, പാർലമെന്റിലെ ഇടപെടലുകളിലൂടെ ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വ്യക്തമായ നിലപാടുകളും ശക്തമായ പ്രസംഗങ്ങളും അവരെ പാർട്ടിയിലെ ഭാവി നേതാക്കളിലൊരാളായി ഉയർത്തിക്കാട്ടിയിരുന്നു.

എന്നാൽ പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളിലേറ്റ പരാജയം രമ്യയുടെ രാഷ്ട്രീയജീവിതത്തിൽ കരിനിഴൽ വീഴ്ത്തി എന്നതും സത്യമാണ്. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലത്തൂരിൽ നിന്നുള്ള പരാജയം വലിയ തിരിച്ചടിയായിരുന്നു. തുടർന്ന് ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ വീണ്ടും പാർട്ടി രമ്യയെ പരീക്ഷിച്ചു. അവിടെയും അവർ നേരിട്ടത് പരാജയമാണ് . രണ്ട് പ്രധാന തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി തോറ്റ നേതാവിനെ വീണ്ടും മത്സരിപ്പിക്കുന്നതെന്തിന് എന്ന ചോദ്യമാണ് ഇപ്പോൾ ശക്തമാകുന്നത്.

എന്നാൽ കോൺഗ്രസിനുള്ളിൽ നടക്കുന്നത് , തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് അല്ലെങ്കിൽ അടൂർ മണ്ഡലങ്ങളിൽ രമ്യയെ സ്ഥാനാർഥിയാക്കാനുള്ള നീക്കമാണ്. പക്ഷേ ഇത് ജില്ലയിലെ കോൺഗ്രസ് നേതാക്കളുടെയും ദലിത് കോൺഗ്രസ് നേതാക്കളുടെയും ശക്തമായ എതിർപ്പിന് കാരണമാകുമെന്ന വിലയിരുത്തലും നടക്കുന്നുണ്ട്. .കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിനെ നേരിൽ കണ്ട് “രമ്യയെ ഇവിടെ നിർത്തിയാൽ സഹകരിക്കില്ല” എന്ന് ജില്ലയിലെ ദലിത് കോൺഗ്രസ് നേതാക്കൾ അടക്കം തുറന്നടിക്കുകയായിരുന്നു.

“തിരുവനന്തപുരത്തേക്ക് വരരുത്” എന്ന സന്ദേശം രമ്യയോട് നേരിട്ടും കൈമാറിയത് വലിയ ചർച്ചയ്ക്കാണ് വഴിവെച്ചത്.. കോൺഗ്രസിന്റെ സമീപകാല ചരിത്രത്തിൽ തന്നെ അപൂർവമായ പ്രതിഷേധങ്ങളിലൊന്നായി ഇത് മാറി. ജില്ലയിലെ നേതാക്കളുടെ പ്രധാന ആവശ്യം പ്രാദേശിക നേതാക്കൾക്ക് അവസരം നൽകുക എന്നതാണ് . ചിറയിൻകീഴ്, ആറ്റിങ്ങൽ പോലുള്ള സംവരണ മണ്ഡലങ്ങളിൽ ശക്തമായ പ്രാദേശിക അടിത്തറയുള്ള ദലിത് നേതാക്കൾ ഉള്ളപ്പോൾ, പുറത്ത് നിന്നുള്ള സ്ഥാനാർഥിയെ നൂലിൽകെട്ടിയിറക്കുന്നത് സംഘടനയുടെ ആത്മവിശ്വാസം തകർക്കുമെന്ന നിലപാടിലുറച്ചു തന്നെയാണ് അവർ

“എപ്പോഴും ഒരേ നേതാവിന് മാത്രം അവസരം നൽകുന്നത് എന്തിന്?” “പാർട്ടിയിൽ മറ്റ് കഴിവുള്ള നേതാക്കൾ ഇല്ലേ?” എന്ന ചോദ്യങ്ങൾ പ്രവർത്തകരിൽ വ്യാപകമായി ഉയരുന്നു. തുടർച്ചയായി പരാജയപ്പെട്ട നേതാവിനെ വീണ്ടും പരീക്ഷിക്കുന്നത് സംഘടനയുടെ ആത്മാഭിമാനത്തെ തന്നെ ബാധിക്കുന്നുവെന്ന വികാരമാണ് അണികളിൽ ശക്തമാകുന്നത്. ഇതിനിടെ രമ്യയുടെ പ്രതികരണം ലളിതമാണ് “പാർട്ടി പറഞ്ഞാൽ എവിടെയും മത്സരിക്കും.” ആലത്തൂരിലും ചേലക്കരയിലും പാർട്ടി നിർദേശിച്ചതിനാലാണ് മത്സരിച്ചതെന്നും, ഇപ്പോഴും പാർട്ടി തീരുമാനമാണ് പ്രധാനം എന്നും അവർ വ്യക്തമാക്കുന്നു.

എന്നാൽ “രമ്യ വന്നാൽ പ്രവർത്തിക്കാൻ ആളുണ്ടാകില്ല എന്ന വരെ തുറന്നടിക്കുന്ന നേതാക്കളും രംഗത്തുണ്ട്. സോഷ്യൽ മീഡിയയിൽ രമ്യക്കെതിരായ വിമർശനം അതിശക്തമായി ഉയരുകയാണ് . “ഓറഞ്ച് ഷാൾ ധരിക്കുന്നത് ബിജെപിയിലേക്കുള്ള ചായ്‌വിന്റെ സൂചനയാണോ?” എന്ന തരത്തിലുള്ള ചർച്ചകൾ വരെ ഒരുസമയത്ത് വ്യാപകമായി പ്രചരിച്ചിരുന്നു . സജീവ കോൺഗ്രസ് നേതാവായിട്ടും, പിന്തുണക്കാരെക്കാൾ കൂടുതൽ ഹേറ്റേഴ്‌സാണ് അവർക്ക് ഉള്ളതെന്നത് മറ്റൊരു യാഥാർഥ്യം. ഈ നെഗറ്റീവ് ഇമേജ് തെരഞ്ഞെടുപ്പ് ഫലത്തെ നേരിട്ട് ബാധിക്കുമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകർ നടത്തുന്നത്. സോഷ്യൽ മീഡിയ കാലഘട്ടത്തിൽ, ഇമേജ് രാഷ്ട്രീയത്തിൽ നിർണായകമാണെന്നിരിക്കെ, ഇത്രയും ശക്തമായ വിമർശനം ഒരു സ്ഥാനാർഥിയുടെ വിജയസാധ്യതയെ ഗുരുതരമായി ബാധിക്കാൻ സാധ്യത ഉള്ളതായും നേതാക്കൾ പറയുന്നുണ്ട്. .

ആലത്തൂർ, ചേലക്കര, ഇനി തിരുവനന്തപുരം തുടർച്ചയായ മണ്ഡലം മാറ്റം രാഷ്ട്രീയ അസ്ഥിരതയുടെ സന്ദേശമാണ് നൽകുന്നതെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഒരിടത്ത് ഉറച്ച രാഷ്ട്രീയ അടിത്തറ സൃഷ്ടിക്കാതെ, തുടർച്ചയായി പുതിയ മണ്ഡലങ്ങൾ തേടുന്നത് ജനങ്ങളിൽ വിശ്വാസക്ഷയം സൃഷ്ടിക്കുമെന്ന ആശങ്കയും ശക്തമായി ഉയരുന്നുണ്ട്.. തിരുവനന്തപുരം ജില്ല രാഷ്ട്രീയമായി അതീവ സങ്കീർണ്ണമായ പ്രദേശമാണ്.

ശക്തമായ പ്രാദേശിക ഘടകങ്ങളും സംഘടനാ സംവിധാനവും ഇല്ലാതെ ഇവിടെ വിജയിക്കുക എളുപ്പമല്ല. അതിനാൽ, രമ്യയെ ഇവിടെ സ്ഥാനാർഥിയാക്കുന്നത് കോൺഗ്രസിന് വലിയ രാഷ്ട്രീയ ചൂതാട്ടമായി മാറുകയാണ്. വിജയിച്ചാൽ അത് രമ്യയുടെ രാഷ്ട്രീയ പുനർജന്മം. പരാജയപ്പെട്ടാൽ, അത് കോൺഗ്രസിന് വലിയ സംഘടനാ പ്രതിസന്ധിയിലേക്കുള്ള വഴിയാകും. പ്രവർത്തകരുടെ ആത്മവിശ്വാസവും പാർട്ടിയുടെ വിശ്വാസ്യതയും ഒരുപോലെ അപകടത്തിലാകും. കേരള രാഷ്ട്രീയ ചരിത്രം തന്നെ പഠിപ്പിക്കുന്നത്, പ്രവർത്തകരുടെ വികാരങ്ങൾ അവഗണിച്ചുള്ള സ്ഥാനാർഥി നിർണയങ്ങൾ പലപ്പോഴും തിരിച്ചടിയായിട്ടുണ്ടെന്നാണ്. തിരുവനന്തപുരം ജില്ലയിൽ ഉയരുന്ന ഈ ശക്തമായ പ്രതിഷേധം, കോൺഗ്രസിന് ഒരു മുന്നറിയിപ്പായി കാണേണ്ടതുണ്ട്. അവസാനം, ചോദ്യം ഒന്ന് മാത്രം ഈ പ്രാവശ്യം രമ്യ ഹരിദാസ് ജയിക്കുമോ? അല്ലെങ്കിൽ, ഇത് കോൺഗ്രസിന്റെ മറ്റൊരു ആത്മഹത്യാപരമായ രാഷ്ട്രീയ തീരുമാനമാകുമോ? കേരളക്കര ഉറ്റുനോക്കുന്ന ഈ രാഷ്ട്രീയ പോരാട്ടത്തിൽ, വിജയവും പരാജയവും മാത്രമല്ല, ഒരു നേതാവിന്റെയും ഒരു പാർട്ടിയുടെയും രാഷ്ട്രീയ ഭാവിയാണ് നിർണ്ണയിക്കപ്പെടാൻ പോകുന്നത്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer