പമ്പ: ശബരിമല സന്നിധാനത്ത് ഭക്തർക്ക് മുറി ബുക്ക് ചെയ്യാനുള്ള സൗകര്യം കൂടുതൽ വിപുലമാക്കുന്നു. തുലാമാസ പൂജ മുതൽ ദിവസവും 400 മുറികൾ ഓൺലൈനായി ബുക്ക് ചെയ്യാം. നിലവിൽ 190 മുറികളാണ് ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയുന്നത്. ബാക്കിയുള്ള മുറികൾ സന്നിധാനത്തെ അക്കോമഡേഷൻ ഓഫീസ് വഴിയാണ് അനുവദിച്ചിരുന്നത്.
എല്ലാ മേഖലകളിലും ഓൺലൈൻ സേവനങ്ങൾ വർധിപ്പിക്കാനുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് ഓൺലൈനായി ബുക്ക് ചെയ്യാവുന്ന മുറികളുടെ എണ്ണം 400 ആയി ഉയർത്തിയത്.
നിലവിൽ പ്രോട്ടോക്കോൾ ഗസ്റ്റ് ഹൗസായി ഉപയോഗിക്കുന്ന ശബരി ഗസ്റ്റ് ഹൗസിലെ 10 മുറികളും ഇനി ഓൺലൈനായി ബുക്ക് ചെയ്യാം. www.onlinetdb.com എന്ന വെബ്സൈറ്റ് വഴിയാണ് ബുക്കിങ് നടത്തേണ്ടത്.
വെബ്സൈറ്റിലെ തിരക്ക് കാരണം ബുക്കിങ് പൂർത്തിയാക്കാൻ കഴിയാതെ വരികയും അക്കൗണ്ടിൽ നിന്ന് പണം ഡെബിറ്റ് ആവുകയും ചെയ്താൽ രേഖകൾ സഹിതം onlinerectdb@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ പരാതി നൽകാം.
തുലാമാസ പൂജയോടനുബന്ധിച്ചുള്ള ഓൺലൈൻ മുറി ബുക്കിങ് ബുധനാഴ്ച രാവിലെ ഏഴ് മണി മുതൽ ആരംഭിക്കും.



