തിരുവനന്തപുരം: ശബരിമല നെയ്യ് ക്രമക്കേടിൽ ആരോപണം നേരിടുന്ന വ്യാപാരി വീണ്ടും ടെൻഡറിൽ പങ്കെടുത്തു. കുറഞ്ഞ തുകയാണ് ടെൻഡറിൽ രേഖപ്പെടുത്തിയത്. എന്നാൽ ക്രമക്കേട് കേസിൽ ആരോപണവിധേയനായതിനാൽ ടെൻഡർ റദ്ദാക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. പകരം പുതിയ ടെൻഡർ വിളിക്കാനും ബോർഡ് നടപടി സ്വീകരിക്കും.
കഴിഞ്ഞ മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമലയിൽ എത്തിക്കേണ്ടിയിരുന്ന മിൽമ നെയ്യ് തമിഴ്നാട്ടിലെ രണ്ട് ഏജൻസികൾക്ക് മറിച്ചുവിറ്റെന്നാണ് കണ്ടെത്തൽ. പകരം ഗുണനിലവാരം കുറഞ്ഞ നെയ്യ് സന്നിധാനത്ത് എത്തിച്ചു. ഇതിലൂടെ ദേവസ്വം ബോർഡിന് രണ്ടര കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് നിഗമനം.
കേസിൽ കരാറുകാരൻ എസ്.എസ്. ബിനുവിനെയും ദേവസ്വം ജീവനക്കാരൻ ജയലാലിനെയും അറസ്റ്റ് ചെയ്തിരുന്നു. നെയ്യ് സ്റ്റോർ സൂപ്രണ്ടിന്റെ ഓഫീസിലെ ജീവനക്കാരനാണ് ജയലാൽ. മിൽമ നെയ്യ് ശബരിമലയിൽ എത്തിയതായി വ്യാജരേഖയുണ്ടാക്കി പണം കൈപ്പറ്റിയതിൽ ജയലാലിന് പങ്കുണ്ടെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. നേരത്തെ അറസ്റ്റിലായ ബിനുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജയലാലിനെ അറസ്റ്റ് ചെയ്തത്.
അതേസമയം, നെയ്യ് ക്രമക്കേടിലൂടെ മിൽമയ്ക്ക് 75.5 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് മന്ത്രി ബിന്ദു കൃഷ്ണ നിയമസഭയിൽ അറിയിച്ചത്. മിൽമ തിരുവനന്തപുരം യൂണിയനാണ് നഷ്ടം സംഭവിച്ചത്. ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് യൂണിയൻ പിരിച്ചുവിട്ടതായും മന്ത്രി വ്യക്തമാക്കി. ലിറ്ററിന് 552 രൂപ ഹോൾസെയിൽ വിലയുള്ള നെയ്യ് 510 രൂപയ്ക്കാണ് നൽകിയിരുന്നതെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു.



