കൊച്ചി: ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് മരിച്ച ജയ ബാലകൃഷ്ണന്റെ കുടുംബത്തിന് ഉറപ്പുനൽകി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കുടുംബം ആവശ്യപ്പെടുന്നയാളെ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേസ് ശരിയായ ദിശയിൽ മുന്നോട്ടുപോകും. സർക്കാർ കുടുംബത്തോടൊപ്പമാണെന്നും നീതിയും നിയമവും എല്ലാവർക്കും ഒരുപോലെയാണെന്നും ചെന്നിത്തല വ്യക്തമാക്കി.
നിയമങ്ങൾ കാര്യക്ഷമമല്ലെന്ന പരാതികൾ ഉയരുന്നുണ്ട്. നിയമപരിഷ്കരണത്തിന്റെ കാര്യത്തിൽ ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജയ ബാലകൃഷ്ണന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. പൊലീസ് പരിശോധനയുടെ കാര്യത്തിൽ ഇനി ആരും പരാതി പറയരുതെന്നും ചെന്നിത്തല പറഞ്ഞു.
കേസിലെ അപ്പീലിൽ പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുണ്ടായ പിഴവ് ഗുരുതരമല്ലെന്നും അത് തിരുത്തി നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഭദ്ര കീർത്തി തനിക്ക് മകളെപ്പോലെയാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും നൽകിയ ഉറപ്പിൽ വിശ്വാസമുണ്ടെന്ന് ജയ ബാലകൃഷ്ണന്റെ മകൾ ഭദ്ര കീർത്തിയും പ്രതികരിച്ചു.




