ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ള കേസിൽ നാലാം പ്രതിയായ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് സുപ്രീം കോടതി താൽക്കാലികമായി തടഞ്ഞു. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ കണക്കിലെടുത്താണ് നടപടി. കഴിഞ്ഞ ദിവസമാണ് മുൻകൂർ ജാമ്യം തേടി ജയശ്രീ സുപ്രീം കോടതിയെ സമീപിച്ചത്.
ജസ്റ്റിസ് ദീപാങ്കർ ദത്ത അദ്ധ്യക്ഷനായ ബെഞ്ചാണ് ജയശ്രീയുടെ ഹർജി പരിഗണിച്ചത്. പ്രധാനമായും ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചാണ് ജയശ്രീയുടെ മുൻകൂർ ജാമ്യ ഹർജിയിൽ പറഞ്ഞിരുന്നത്. ഇത് പരിശോധിച്ച ശേഷമാണ് സുപ്രീം കോടതി അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണം നൽകിയത്. അടുത്ത മാസം എട്ട്, ഒമ്പത് തീയതികളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ജയശ്രീ ഹാജരാകണം.
കേസിൽ എതിർ കക്ഷികളായ സംസ്ഥാന സർക്കാർ ഉൾപ്പെടെയുള്ളവർക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. കേസിൽ മറ്റ് വാദങ്ങളൊന്നും ഇന്ന് നടന്നില്ല. ജയശ്രീയുടെയും ഇന്നലെ അറസ്റ്റിലായ ദേവസ്വം മുൻ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ ശ്രീകുമാറിന്റെയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.




