കാസർകോട്: നെഹ്റു കോളേജിൽ യു.ഡി.എഫ്. സ്ഥാനാർഥി സന്ദീപ് വാരിയർക്കെതിരായ ആക്രമണത്തിൽ 25 എസ്എഫ്ഐ പ്രവർത്തകർക്കെതിരേ വധശ്രമക്കേസ് രജിസ്റ്റർ ചെയ്തു. തിങ്കളാഴ്ച വൈകീട്ട് നാലോടെ കോളേജ് കാമ്പസിനകത്ത് സന്ദീപ് വാരിയർ ഉൾപ്പെടെ അഞ്ചുപേരെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ചതെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് എസ്എഫ്ഐ നേതാക്കളും പ്രവർത്തകരുമടങ്ങിയവരെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, എസ്എഫ്ഐ പ്രവർത്തകനായ ശ്രീഹരിയുടെ പരാതിയിൽ സന്ദീപ് വാരിയർ ഉൾപ്പെടെ അഞ്ച് പേർക്കെതിരെയും ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. വിദ്യാർഥികൾക്കുനേരെ ആക്രമണം നടത്തിയെന്നാണ് ആരോപണം. സംഭവത്തിൽ ഇരുവിഭാഗവും പരസ്പരം ആരോപണങ്ങളുയർത്തി. പെൺകുട്ടികൾ ഉൾപ്പെടെ ഒൻപത് പേർക്ക് പരിക്കേറ്റതായി എസ്എഫ്ഐ അറിയിച്ചു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് എല്ലാവരും ആശുപത്രി വിട്ടു.




