തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ശ്കതമായ മത്സരം നടക്കുന്ന മണ്ഡലമാണ് നേമം. ഇപ്പോഴിതാ വികസന സംവാദത്തിനായി നേമത്തെ എൻഡിഎ സ്ഥാനാർത്ഥിയായ രാജീവ് ചന്ദ്രശേഖറിനെ വീണ്ടും വെല്ലുവിളിചിരിക്കുകയാണ് വി ശിവൻകുട്ടി. നേരത്തെയും ശിവൻകുട്ടിയും രാജീവും തമ്മിൽ സംവാദ വെല്ലുവിളികൾ ഉണ്ടായിരുന്നു. ഈ വെല്ലുവിളി ഏറ്റെടുത്ത രാജീവ് സമയവും തിയതിയും താൻ നിശ്ചയിക്കാമെന്നും പറഞ്ഞിരുന്നു. എന്നാൽ പരസ്പരമുള്ള വെല്ലുവിളികൾക്കപ്പുറം ഒന്നും നടന്നിരുന്നില്ല.
ഇന്ന് നാല് മണിക്ക് മുൻപ് എവിടെവെച്ചും സംവാദത്തിന് തയ്യാർ ആണെന്ന് ശിവൻകുട്ടി അറിയിച്ചിട്ടുണ്ട്. ഒളിച്ചോടുന്നത് രാജീവ് ആണെന്നും ശിവൻകുട്ടി പറഞ്ഞു. അഞ്ച് വർഷം കൊണ്ട് 900 കോടിയുടെ വികസനമാണ് താൻ നടപ്പിലാക്കിയത്. രാജീവ് ചന്ദ്രശേഖർ കാര്യങ്ങൾ മനസ്സിലാക്കില്ല എന്നും സത്യവുമായി ഒരു ബന്ധമില്ലാത്ത കാര്യങ്ങളാണ് ആരോപിക്കുന്നത് എന്നും ശിവൻകുട്ടി പറഞ്ഞു.ബിജെപി പുറത്തിറക്കിയ മാർഗരേഖ തട്ടിക്കൂട്ട് എന്നും ശിവൻകുട്ടി കുറ്റപ്പെടുത്തി. താൻ നടപ്പിലാക്കിയ പല പദ്ധതികൾ അടക്കം ബിജെപി മാർഗരേഖയിലുണ്ട്. തനിക്ക് ഭരണാനുമതി കിട്ടിയ പദ്ധതികളും ബിജെപി ഉൾപ്പെടുത്തിയിട്ടുണ്ടന്നും ശിവൻകുട്ടി പറഞ്ഞു.




