പാലക്കാട്: പ്രളയം മനുഷ്യ നിര്‍മ്മിതമാണെന്ന ഗുരുതര ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് നേതാവും മൂവാറ്റുപുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ മാത്യു കുഴല്‍നാടനെതിരെ മന്ത്രി കെ കൃഷ്ണന്‍കുട്ടി. മാത്യു കുഴല്‍നാടന്‍ പുറത്തുവിട്ട ഓഡിയോ തന്റേതല്ലെന്ന് കൃഷ്ണന്‍കുട്ടി പറഞ്ഞു. ഓഡിയോ മനുഷ്യ നിര്‍മ്മിതമാണോ എന്ന് സംശയമുണ്ട്. സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
രാഷ്ട്രീയ ലക്ഷ്യം വെച്ചാണ് ഓഡിയോ സൃഷ്ടിച്ചിരിക്കുന്നത്. മാത്യു ടി തോമസിനെ മോശക്കാരനായി ചിത്രീകരിക്കാനാണ് ശ്രമം. നിയമസഭയില്‍ പ്രളയവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചയ്ക്കെടുത്തിരുന്നു. എന്നാല്‍ മാത്യു കുഴല്‍നാടന്‍ അന്ന് വിഷയം ഉന്നയിച്ചില്ല. മേരിമാതാ കരാര്‍ കമ്പനി തന്റെ ശത്രു പക്ഷത്താണ്. അതുകൊണ്ടുതന്നെ ആരോപണം തന്നെ ബാധിക്കില്ല. മാത്യു കുഴല്‍നാടന്‍ പുറത്തുവിട്ട ശബ്ദരേഖ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും കൃഷ്ണന്‍കുട്ടി പറഞ്ഞു.
മദ്രാസ് ഐഐടി വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ച സംഭവം ആണ്. മഴക്കെടുതിയാണ് പ്രളയത്തിന് കാരണമായതെന്നായിരുന്നു ഐഐടി റിപ്പോര്‍ട്ടില്‍ പറഞ്ഞത്. ഐഐടി തങ്ങളുടെ കീഴിലല്ലല്ലോയെന്നും കേന്ദ്രസര്‍ക്കാരിന്റെ കീഴിലല്ലേയെന്നും കൃഷ്ണന്‍കുട്ടി ചോദിച്ചു.




