തിരുവനന്തപുരം: മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള ചർച്ചകൾക്കിടെ വി.ഡി. സതീശൻറെ കടുത്ത നിലപാട്. തന്നെ പരിഗണിക്കാത്ത പക്ഷം മറ്റ് സ്ഥാനമാനങ്ങൾ സ്വീകരിക്കില്ലെന്ന നിലപാടിലാണ് അദ്ദേഹം. നിരീക്ഷകരുമായുള്ള ആദ്യ കൂടിക്കാഴ്ചയിൽ തന്നെ തന്റെ അഭിപ്രായം വ്യക്തമാക്കിയതായി റിപ്പോർട്ടുണ്ട്. ഭരണപരിചയം മാത്രം മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള മാനദണ്ഡമല്ലെന്ന് സതീശൻ പറഞ്ഞു.
ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നേതാവിന് പ്രധാനമായത് കാഴ്ചപ്പാടും ടീമിനെ നയിക്കാനുള്ള കഴിവുമാണെന്നും അദ്ദേഹം വ്യക്തമാക്കി. വി.എസിന്റെയും മോദിയുടെയും ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം അഭിപ്രായം രേഖപ്പെടുത്തിയത്.
പാർട്ടികളിൽ സംഘടനാ ദൗർബല്യം വലിയ തിരിച്ചടിയാകുന്നുണ്ടെന്നും ജെൻസിയെ മനസ്സിലാക്കുന്ന രീതിയിൽ രാഷ്ട്രീയ പാർട്ടികൾ പ്രവർത്തിക്കണമെന്നും സതീശൻ പറഞ്ഞു. ഹൈക്കമാൻഡിന്റെ തീരുമാനത്തെക്കുറിച്ചുള്ള ചോദ്യത്തിന് “ചോദ്യം സാങ്കൽപ്പികം” എന്നായിരുന്നു മറുപടി. അതേസമയം മുഖ്യമന്ത്രി സ്ഥാനാർത്ഥിയെക്കുറിച്ച് തീരുമാനിക്കാൻ എഐസിസി നിരീക്ഷകർ എംഎൽഎമാരുമായി കൂടിക്കാഴ്ച ആരംഭിച്ചു.
മുകുൾ വാസ്‌നിക്, അജയ് മാക്കൻ എന്നിവർ ഓരോ എംഎൽഎയെയും ഒറ്റയ്ക്കായി കാണുകയാണ്. ഘടകകക്ഷികളുമായുള്ള കൂടിക്കാഴ്ചയും വൈകീട്ട് നടക്കും. തർക്കരഹിതമായ തീരുമാനം ഉണ്ടാകുമെന്നാണ് എംഎൽഎമാരുടെ പ്രതീക്ഷ. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള അന്തിമ തീരുമാനം എ.ഐ.സി.സി. അധ്യക്ഷന് കൈമാറിയിട്ടുണ്ട്.






