ഇത്തവണ മലപ്പുറം ലീഗ് തൂത്തുവാരുമെന്ന് ഫലം വരുന്നതിന് മുമ്പേ തന്നെ ഉറപ്പായിരുന്നെങ്കിലും അതിൽ നിന്ന് മാറി നിൽക്കുന്നൊരു മണ്ഡലമുണ്ടായിരുന്നു ജില്ലയിൽ, തവനൂർ. അതിന് കാരണം ഇടതിന് വേണ്ടി അവിടെ ഇറങ്ങിയ കെടി ജലീൽ തന്നെയായിരുന്നു. ജലീലിനെ ലീഗും തള്ളിക്കളഞ്ഞിരുന്നില്ല. എന്തായാലും സംസ്ഥാനത്താകെ ആഞ്ഞടിച്ച യുഡിഎഫ് തരംഗത്തിൽ ജലീലും വീണു. പക്ഷേ അവിടെ തീരുന്നില്ല ആ വൈര്യം.
ഫലം വന്നതിന് പിന്നാലെ മണ്ഡലത്തിൽ ജലീലിനെതിരെ ലീഗ് പ്രവർത്തകർ നടത്തിയ ആഘോഷം കുറച്ചധികം കടന്നുപോയി. ആടുകളുടെ തലയറുത്ത് വടിയിൽ കെട്ടിത്തൂക്കി വീശിയായിരുന്നു കാടൻ രീതിയിലുള്ള ആഘോഷം. താലിബാനിസം എന്ന രീതിയിൽ പോലം വിമർശിക്കപ്പെടാൻ പോകുന്ന ഈ പ്രവൃത്തി ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നത് ലീഗിന് എത്രത്തോളം വെറുക്കപ്പെട്ടവനാണ് ജലീൽ എന്നതാണ്.
ജലീലും മുസ്ലീം ലീഗും തമ്മിലുള്ള ബന്ധം കേരള രാഷ്ട്രീയത്തിലെ തീവ്രമായ വാക്‌പോരുകൾക്ക് പലപ്പോഴും വേദിയാകാറുണ്ട്. ലീഗ് വിദ്യാർത്ഥി പ്രസ്ഥാനമായ എംഎസ്എഫിലൂട രാഷ്ട്രീയത്തിൽ വരികയും, പിന്നീട് ലീഗുമായി പിണങ്ങി ഇടതുപക്ഷത്തോട് ചേർന്ന് പ്രവർത്തിക്കുകയും ചെയ്ത നേതാവാണ് കെ.ടി. ജലീൽ. അതോടെ ലീഗിന്റെ ഏറ്റവും വലിയ വിമർശകനുമായി ജലീൽ മാറി, പ്രത്യേകിച്ച് പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ. ലീഗിന്റെ കോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന മലപ്പുറത്ത് ലീഗിനെതിരെ എൽഡിഎഫ് ഉയർത്തുന്ന പ്രധാന ശബ്ദങ്ങളിൽ ഒന്നാണ് കെ.ടി. ജലീൽ എന്നത് തന്നെയാണ് അന്ന് മുതൽ ലീഗിന്റെ കണ്ണിലെ കരടായി ജലീലിനെ മാറ്റിയത്. ആ വൈര്യമാണ് തലയറുത്ത പ്രകടനത്തിലൂടെ പുറത്ത് വന്നത്.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസത്തിലാണ് യുഡിഎഫ് ആഹ്ലാദ പ്രകടനത്തിനിടെ ലീഗ് പ്രവർത്തകർ ആടിന്റെ തലയറുത്ത് പ്രദർശിപ്പിച്ചത്. തവനൂർ മണ്ഡലത്തിലെ തൃപ്രങ്ങോട് പെരുന്നല്ലൂർ അങ്ങാടിയിലായിരുന്നു സംഭവം.
ഇന്ന് ആടിന്റെ തല! നാളെ എന്റെ തലയോ? എന്നാണ് ജലീൽ ഇതിനെതിരെ പ്രതികരിച്ചത്. തലയെടുക്കാൻ ധൈര്യമുള്ളവർക്ക് മുമ്പോട്ടു വരാം അവസാന ശ്വാസം വരെയും പൊരുതുമെന്ന് ജലീൽ പറയുന്നു. മതേതര രാഷ്ട്രീയത്തിന്റെ ഇടതുപക്ഷ പതാക നെഞ്ചോട് ചേർത്ത് ഉയർത്തിപ്പിടിച്ച് മരിച്ചു വീഴുന്നതു വരെ സധൈര്യം മുന്നോട്ടു പോകും. തല വെട്ടുന്നവരുടേതല്ല മലപ്പുറം, തല കാക്കുന്നവരുടേതാണ് മലപ്പുറം. ആ മലപ്പുറത്തിനു വേണ്ടിയാകും ശിഷ്ടകാല പോരാട്ടം- ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
ജലീലിനെ വീഴ്ത്തുക എന്നത് എക്കാലവും ലീഗിന്റെ സ്വപ്‌നമായിരുന്നു. തങ്ങളിലൊരാൾ എതിർ പാളയത്തിൽ കയറി തങ്ങളെ തോൽപ്പിക്കുന്നു, അതും മലപ്പുറത്ത് എന്ന ചിന്ത പാണക്കാട് കുടുംബത്തിന്റെ ഉറക്കം കളഞ്ഞിരുന്നു. എന്തായാലും വർഷങ്ങൾ കാത്തിരുന്ന് അത് നടപ്പാക്കാൻ പക്ഷേ ഭരണവിരുദ്ധ വികാരത്തിന്റേയും യുഡിഎഫ് തരംഗത്തിന്റേയും സഹായം ലീഗിന് വേണ്ടി വന്നു.
സംസ്ഥാനമൊന്നാകെ ആഞ്ഞടിച്ച യുഡിഎഫ് തരംഗത്തിൽ വി.എസ്.ജോയിയോട് 14647 വോട്ടുകൾക്കാണ് കെ.ടി.ജലീൽ പരാജയപ്പെട്ടത്. മലപ്പുറം ജില്ലയിൽ ഇന്നേവരെ യുഡിഎഫിന് ലഭിക്കാതിരുന്ന തവനൂരിൽ നിന്ന് കഴിഞ്ഞ 15 വർഷമായി കെ.ടി. ജലീലാണ് നിയമസഭയിൽ എത്തിയിരുന്നത് എന്ന് പറയുമ്പോൾ അറിയാം ഈ സീറ്റിന് വേണ്ടി ലീഗ് എത്രത്തോളം ദാഹിച്ചിരുന്നു എന്നത്.
പക്ഷേ ജലീൽ പറഞ്ഞുവെക്കുന്ന ചില വാക്കുകൾ കേരളം വരും ദിവസങ്ങളിൽ ചർച്ച ചെയ്‌തേക്കാം. മുസ്ലിം ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും ‘തലയറുപ്പ് രാഷ്ട്രീയ’ത്തിനെതിരെ താൻ പോരാടുമെന്ന് പറയുന്നതിലെ, ആ തലയറുപ്പ് രാഷ്ട്രീയം എന്ന വാക്ക് അത്ര നിസാരമായ ഒന്നല്ല. പ്രത്യേകിച്ച് ജമാഅത്തെ ഇസ്ലാമിയുടെ അജണ്ടകളെ പറ്റിയും മറ്റും പലപ്പോഴായി ഈ തെരഞ്ഞെടുപ്പ് കാലത്ത് ഉയർന്നുവന്ന ആരോപണങ്ങളുമായി ചേർത്ത് വായിക്കുമ്പോൾ ഈ ആഹ്ലാദപ്രകടനം യഥാർത്ഥത്തിൽ ആയുധമാക്കാൻ പോകുന്നത് ബിജെപിയായിരിക്കുമെന്നുറപ്പ്. മലപ്പുറത്തിനെതിരെ കാലങ്ങളായി നടക്കുന്ന വിദ്വേഷ പ്രചരണങ്ങളെ ഒന്നുകൂടി ശക്തിപ്പെടുത്താനേ ഇത്തരം സംഭവങ്ങൾ ഉപകരിക്കൂ എന്നും നമുക്ക് ഓർമിപ്പിക്കാം. കേരളത്തെ, പ്രത്യേകിച്ച് മലപ്പുറത്തെ ‘മതമൗലികവാദത്തിന്റെ കേന്ദ്രമായി’ ചിത്രീകരിക്കാൻ ശ്രമിക്കുന്ന ഉത്തരേന്ത്യൻ സംഘപരിവാർ അജണ്ടകൾക്ക് ഇത്തരം ദൃശ്യങ്ങൾ ആയുധമാകും.
രാഷ്ട്രീയമായ വിയോജിപ്പുകൾ വ്യക്തിപരമായ ശത്രുതയിലേക്കും, അവിടെനിന്ന് ക്രൂരമായ ആഘോഷങ്ങളിലേക്കും വഴിമാറുന്നത് അപകടകരമായ സൂചനയാണ്. തിരൂരിലെ ഈ ‘തലയറുക്കൽ’ രാഷ്ട്രീയം യഥാർത്ഥത്തിൽ തോൽപ്പിച്ചത് കെ.ടി. ജലീലിനെയല്ല, മറിച്ച് മലപ്പുറം ഉയർത്തിപ്പിടിച്ചിരുന്ന രാഷ്ട്രീയ പ്രബുദ്ധതയെയാണ്. വോട്ടുകളിലൂടെ മറുപടി നൽകുന്ന ജനാധിപത്യ രീതിക്ക് പകരം ഭയപ്പെടുത്തുന്ന അടയാളങ്ങൾ ഉപയോഗിക്കുന്നത് ഒരു പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാനാവില്ല. വർഗീയതയുടെയും വിദ്വേഷത്തിന്റെയും വിത്തുകൾ പാകാൻ കാത്തുനിൽക്കുന്ന ശക്തികൾക്ക് ഇത്തരം പ്രവൃത്തികൾ വളമാകുന്നു എന്ന തിരിച്ചറിവ് രാഷ്ട്രീയ നേതൃത്വങ്ങൾക്കുണ്ടാകണം. മതേതര കേരളത്തിന് പരിക്കേൽക്കാതെ കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തം വിജയികൾക്കു കൂടി ഉണ്ടെന്ന ഓർമ്മപ്പെടുത്തലാണ് തിരൂരിലെ ഈ ചോര പുരണ്ട ആഘോഷങ്ങൾ നൽകുന്നത്.




