മലപ്പുറം: പൊന്നാനി സ്ത്രീ-ശിശു ആശുപത്രിയിൽ നിന്ന് ലക്ഷങ്ങളുടെ സാമഗ്രികൾ മോഷ്ടിച്ച ആറംഗ സംഘം പൊലീസിന്റെ പിടിയിലായി. പൊന്നാനി ഓം തൃക്കാവ് സ്വദേശി ഷഫീക്ക് (26), ഷഹദ് (24), നാസിൽ (22), സിഫാറത്ത് (21), ഫഹദ് (20), അസ്ലം (23) എന്നിവരെയാണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്.
ആശുപത്രിയിൽ പുതുതായി ആരംഭിക്കാനിരുന്ന ഐസൊലേഷൻ വാർഡ് കെട്ടിടത്തിൽ നിന്നാണ് പ്രതികൾ കമ്പ്യൂട്ടറുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, മോട്ടോർ പമ്പ് സെറ്റുകൾ, ഫയർ എക്സ്റ്റിംഗുഷറുകൾ, ബാറ്ററികൾ, ഇരുമ്പ് കമ്പികൾ എന്നിവ ഉൾപ്പെടെ ഏകദേശം മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങൾ മോഷ്ടിച്ചത്. രാത്രി സമയങ്ങളിൽ സ്കൂട്ടറുകളിലെത്തി പലഘട്ടങ്ങളിലായാണ് ഇവർ സാധനങ്ങൾ കടത്തിക്കൊണ്ടുപോയത്.
പത്തു ദിവസം മുൻപാണ് ആശുപത്രിയിൽ തുടർച്ചയായി മോഷണം നടക്കുന്നതായി അധികൃതർ ശ്രദ്ധിച്ചത്. കെട്ടിടത്തിന്റെ പിൻഭാഗത്ത് ഇരുമ്പ് കമ്പികൾ കൂട്ടിയിട്ട നിലയിൽ കണ്ടെത്തിയതോടെ സംശയം തോന്നിയ അധികൃതർ അവിടെ അടിയന്തരമായി സിസിടിവി ക്യാമറ സ്ഥാപിച്ചു. അടുത്ത ദിവസം രാത്രിയോടെ മോഷ്ടാക്കൾ കമ്പികൾ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞു.
തുടർന്ന് വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും സംശയാസ്പദരായവരെ നിരീക്ഷിക്കുകയും ചെയ്ത പൊലീസ് ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതികളെ തിരിച്ചറിഞ്ഞ് പിടികൂടിയത്. മോഷ്ടിച്ച സാധനങ്ങൾ മാരാമുറ്റത്തെ ഒരു ആക്രിക്കടയിൽ വിൽക്കുകയായിരുന്നു സംഘത്തിന്റെ രീതി.
ഇത്തരത്തിൽ ലഭിച്ച പണം ഉപയോഗിച്ച് വിലകൂടിയ കാറുകൾ വാടകയ്ക്കെടുത്ത് ആഡംബര ജീവിതം നയിച്ചിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.






