കാസർകോട്: പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസുകളിൽ വീണ്ടും അറസ്റ്റിലായി സ്‌നേഹ മെർലിൻ. കാസർകോട് സ്വദേശിനിയായ 14-കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശിനിയായ സ്‌നേഹ മെർലിനെ മേൽപ്പറമ്പ് പൊലീസ് കണ്ണൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഇതോടെ സ്‌നേഹക്കെതിരായ പോക്സോ കേസുകളുടെ എണ്ണം നാലായി.
പോക്സോ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിൽ പോയ സ്‌നേഹ, കണ്ണൂർ മയ്യിലിലെ നാണിയൂരിൽ വ്യാജ പേരിൽ താമസിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അവിടെ നിന്നാണ് പ്രത്യേക അന്വേഷണസംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്.
അന്വേഷണപ്രകാരം, ഏറ്റവും പുതിയ കേസിൽ ഇരയായ പെൺകുട്ടിയുടെ മാതാവിന്റെ സുഹൃത്തായിരുന്നു സ്‌നേഹ മെർലിൻ. ലഹരിവിൽപന കേസിൽ റിമാൻഡിലായിരുന്ന പെൺകുട്ടിയുടെ മാതാവിനെ ജയിലിൽ വെച്ചാണ് പരിചയപ്പെട്ടത്. പിന്നീട് പുറത്തിറങ്ങിയ ശേഷം കാസർകോട്ടെ ഇവരുടെ വീട്ടിൽ ഏകദേശം ഒരു വർഷത്തോളം താമസിച്ചിരുന്ന സ്‌നേഹ, ഈ കാലയളവിൽ കുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.
സ്കൂളിലെ കൗൺസിലിങ്ങിനിടെയാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. തുടർന്ന് കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയും പരാതിയുടെ അടിസ്ഥാനത്തിൽ മേൽപ്പറമ്പ് പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. കുട്ടി നേരത്തെ സ്വന്തം പിതാവിൽ നിന്നുമുള്ള ലൈംഗിക പീഡനത്തിനും ഇരയായിരുന്നുവെന്നും, ആ കേസിൽ പിതാവ് നിലവിൽ ജയിലിലാണെന്നും പൊലീസ് അറിയിച്ചു.
സ്‌നേഹ മെർലിനെതിരെ ഇതിന് മുമ്പ് മൂന്ന് പോക്സോ കേസുകൾ തളിപ്പറമ്പ് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 12 വയസുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതും, പ്രായപൂർത്തിയാകാത്ത സഹോദരങ്ങളായ പെൺകുട്ടിയെയും ആൺകുട്ടിയെയും ലൈംഗികമായി ചൂഷണം ചെയ്തതുമായ കേസുകൾ ഇതിൽ ഉൾപ്പെടുന്നു.
പെൺകുട്ടികൾക്ക് വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകി സ്വാധീനിക്കുകയും, പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ആ കേസിലും സ്‌നേഹക്കെതിരെ പ്രത്യേക പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
പീഡനക്കേസുകൾക്ക് പുറമെ തളിപ്പറമ്പിലെ സി.പി.ഐ. നേതാവ് കോമത്ത് മുരളീധരനെ ആക്രമിച്ച കേസിലും സ്‌നേഹ മെർലിൻ പ്രതിയാണ്. നിലവിലെ കേസിലും കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.











