കോഴിക്കോട് : സാമൂഹിക ഇടപെടലുകളിലെ മികവിന് കോഴിക്കോട് ജില്ലാ എൻഎസ്എസ് യൂണിറ്റിന് സംസ്ഥാന പുരസ്കാരം. എൻഎസ്എസും എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയും സംയുക്തമായി നടത്തുന്ന എയ്ഡ്‌സ് പ്രതിരോധ ബോധവൽക്കരണ പരിപാടിയായ ‘യുവജാഗരൺ’ പദ്ധതിയുടെ സംസ്ഥാനതലത്തിലെ മികച്ച നടത്തിപ്പിനാണ് കോഴിക്കോട് ജില്ല ഒന്നാം സ്ഥാനം നേടിയത്.
ഈ വർഷം ജില്ലയിൽ നടപ്പാക്കിയ പദ്ധതികൾക്ക് സമാനതകളില്ലാത്ത വ്യാപ്തിയുണ്ടായിരുന്നു. എയ്‌ഡ്‌സ് പ്രതിരോധ സന്ദേശം സമൂഹത്തിന്റെ എല്ലാ തുറകളിലേക്കും എത്തിക്കുന്നതിൽ എൻഎസ്എസ് യൂണിറ്റ് വലിയ പങ്കുവഹിച്ചു. സ്കൂളുകൾ, കോളേജുകൾ, ഉന്നതികൾ തുടങ്ങിയ വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ മാത്രമല്ല, വൃദ്ധസദനങ്ങൾ, വെൽഫെയർ ഹോമുകൾ തുടങ്ങിയ സാമൂഹിക സ്ഥാപനങ്ങളിലും ബോധവൽക്കരണം എത്തിച്ചു.
പൊതു ഇടങ്ങളായ ബസ് സ്റ്റാൻഡുകൾ, തീരദേശ മേഖലകൾ, അതീവ ശ്രദ്ധ ആവശ്യമുള്ള ജില്ലാ ജയിലുകൾ എന്നിവിടങ്ങളിലെല്ലാം വ്യത്യസ്തമായ രീതിയിൽ ക്യാമ്പയിനുകൾ സംഘടിപ്പിച്ചു. വിവിധ സ്ഥലങ്ങളിലെ ജനവിഭാഗങ്ങളുടെ സ്വഭാവമനുസരിച്ച് ബോധവൽക്കരണ രീതികളിൽ വരുത്തിയ ഈ വൈവിധ്യമാണ് സംസ്ഥാനതലത്തിൽ കോഴിക്കോട് എൻഎസ്എസ് യൂണിറ്റിന് ഒന്നാം സ്ഥാനം നേടിക്കൊടുത്തത്. യുവജാഗരൺ പദ്ധതിയിലൂടെയുള്ള കോഴിക്കോടിന്റെ പ്രവർത്തനം സംസ്ഥാനത്തിനുതന്നെ മാതൃകയായി മാറുകയാണ്.




