തിരുവനന്തപുരം: കേരളത്തിൽ വ്യാഴാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മേയ് 14 മുതൽ 16 വരെ സംസ്ഥാനത്തെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴ ലഭിക്കാനിടയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.
ഈ ആഴ്ച അവസാനത്തോടെ തെക്കൻ ബംഗാൾ ഉൾക്കടലിന്റെ ചില ഭാഗങ്ങൾ, ആൻഡമാൻ കടൽ, ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം പ്രവേശിക്കാനിടയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ നിലവിലുള്ള ന്യൂനമർദം അടുത്ത 48 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തിപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇതിന്റെ സ്വാധീനത്തിൽ കേരളത്തിൽ മഴ ശക്തമാകാനാണ് സാധ്യത.
തെക്കൻ കർണാടകയ്ക്ക് മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 5.8 കിലോമീറ്റർ ഉയരത്തിൽ മറ്റൊരു ചക്രവാതച്ചുഴിയും രൂപപ്പെട്ടിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനിടയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.






