തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ മദ്യനയം രൂപീകരിക്കുന്നതിന് ഉപസമിതിയെ നിയോഗിക്കാൻ യുഡിഎഫ് സർക്കാർ തീരുമാനിച്ചു. വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപ്പന ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉപസമിതി വിശദമായി പരിശോധിക്കും. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പുതിയ മദ്യനയത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക. ഉപസമിതിയെ ഉടൻ പ്രഖ്യാപിക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.
സംസ്ഥാന ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് പ്രഖ്യാപിച്ചതിനെ തുടർന്ന് മദ്യനയം വിവാദമായിരുന്നു. 0.5 മുതൽ 10 ശതമാനം വരെ വീര്യമുള്ള മദ്യത്തിന് 120 ശതമാനവും 10 മുതൽ 20 ശതമാനം വരെ വീര്യമുള്ള മദ്യത്തിന് 175 ശതമാനവും നികുതി നിശ്ചയിച്ചതോടെയാണ് ചർച്ചകൾ ശക്തമായത്.
2022–23 അബ്കാരി നയത്തിൽ വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപ്പനയ്ക്ക് മുൻ സർക്കാർ അനുമതി നൽകിയിരുന്നെങ്കിലും പ്രത്യേക നികുതി ഘടന പ്രഖ്യാപിച്ചിരുന്നില്ല. 42.86 ശതമാനം വീര്യമുള്ള മദ്യത്തിന് ബാധകമായ അതേ നികുതിയാണ് കുറഞ്ഞ വീര്യമുള്ള മദ്യത്തിനും നൽകേണ്ടി വന്നിരുന്നതിനാൽ കമ്പനികൾ ഇത്തരം ഉൽപ്പന്നങ്ങൾ കേരളത്തിൽ വിപണനം ചെയ്തിരുന്നില്ല.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകുന്ന ഫയൽ അതിവേഗത്തിൽ പരിഗണിച്ചതായും ഇതുസംബന്ധിച്ച ഫയൽ നീക്കത്തിന്റെ രേഖകൾ പുറത്തുവന്നതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെ പ്രതിപക്ഷം സർക്കാരിനെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തി.
നിയമസഭയിലും വിഷയം ചർച്ചയായി. തെരഞ്ഞെടുപ്പ് കാലത്ത് കർണാടകയിൽ നിന്ന് എത്തിയതായി ആരോപിക്കുന്ന കള്ളപ്പണത്തിന് പ്രത്യുപകാരമായാണ് നികുതിയിളവ് നൽകിയതെന്ന് പ്രതിപക്ഷം ആരോപിച്ചു. നിയമസഭയിൽ ചർച്ച ഒഴിവാക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്നും പ്രതിപക്ഷം വിമർശിച്ചു.
അതേസമയം, വീര്യം കുറഞ്ഞ മദ്യം കേരളത്തിൽ വിൽക്കണമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം സർക്കാർ നയപരമായാണ് കൈക്കൊള്ളുകയെന്നും ഇതുസംബന്ധിച്ച് വ്യക്തമായ പദ്ധതികളുണ്ടെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.




