കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ആദ്യമായി ബിജെപി അധികാരത്തിലേക്ക്. സുവേന്ദു അധികാരി ശനിയാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ഒരുകാലത്ത് കോൺഗ്രസ്, ഇടതുപക്ഷം, പിന്നീട് തൃണമൂൽ കോൺഗ്രസ് എന്നിവയുടെ ശക്തികേന്ദ്രമായിരുന്ന ബംഗാളിൽ ബി.ജെ.പി. അധികാരത്തിലെത്തിയത് പാർട്ടി നേതൃത്വത്തിന് വലിയ നേട്ടമാണ്.
56-കാരനായ സുവേന്ദു അധികാരി രാഷ്ട്രീയത്തിൽ വളർന്നത് കുടുംബ പശ്ചാത്തലത്തിലൂടെയാണ്. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ബിജെപി എന്നീ പാർട്ടികളിൽ പ്രവർത്തിച്ചിരുന്ന മുൻ കേന്ദ്രമന്ത്രി ശിശിർ അധികാരിയുടെ മകനാണ് അദ്ദേഹം. 1990-കളിൽ കോൺഗ്രസിലൂടെയാണ് സുവേന്ദു രാഷ്ട്രീയത്തിൽ ശ്രദ്ധേയനായത്. 1995-ൽ കാന്തി നഗരസഭാംഗമായി. പിന്നീട് കോൺഗ്രസ് വിട്ട് 2000-ൽ തൃണമൂൽ കോൺഗ്രസിൽ ചേർന്നു. തൃണമൂലിലൂടെ നഗരസഭാ ചെയർമാനും നിയമസഭാംഗവുമായി.
നന്ദിഗ്രാമിൽ ഭൂമിയേറ്റെടുക്കലിനെതിരായ സമരത്തിൽ പ്രധാന നേതാവായിരുന്ന സുവേന്ദു, മമതാ ബാനർജിയുടെ അടുത്ത സഹപ്രവർത്തകനായും അറിയപ്പെട്ടു. 2009 മുതൽ 2016 വരെ ലോക്സഭാംഗമായിരുന്നു. പിന്നീട് മമതാ സർക്കാരിൽ മന്ത്രിയായും പ്രവർത്തിച്ചു. 2020-ൽ തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന അദ്ദേഹം, 2021-ലെ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ മമതാ ബാനർജിയെ തോൽപ്പിച്ചു. ഇക്കുറി ഭവാനിപ്പുരിലും വിജയിച്ച് തന്റെ രാഷ്ട്രീയ ശക്തി തെളിയിച്ചു.
ബംഗാളിൽ ബിജെപിയുടെ വളർച്ചയെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചു. 2014-ൽ ഒരു സീറ്റിൽ നിന്നാണ് ബിജെപിയുടെ മുന്നേറ്റം തുടങ്ങിയത്. പിന്നീട് അത് മൂന്ന് സീറ്റായി, 2021-ൽ 77 സീറ്റായി, ഇപ്പോൾ ഭരണത്തിലേക്കും എത്തിയെന്നും അദ്ദേഹം പറഞ്ഞു.




