ഇടുക്കി: പെരിയാർ കടുവാ സങ്കേതത്തിനുള്ളിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തിയ സംഭവം വിവാദത്തിൽ. തമിഴ്നാട് സംഘമാണ് വനമേഖലയിൽ ഡ്രോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തിയത്. മുല്ലപ്പെരിയാർ കനാലിന്റെയും വനമേഖലയുടെയും ദൃശ്യങ്ങൾ പകർത്തി പെരിയകുളം എംഎൽഎയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.
വനംവകുപ്പിന്റെയോ പൊലീസിന്റെയോ അനുമതി വാങ്ങാതെയാണ് ഡ്രോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തിയതെന്നാണ് വിവരം. മുല്ലപ്പെരിയാർ ഷട്ടറുകൾ തുറന്ന ദിവസമാണ് ഡ്രോൺ പറത്തിയത്. സംരക്ഷിത വനമേഖലയിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തിയത് സംബന്ധിച്ച് നടപടിയുണ്ടാകുമോയെന്നതും ശ്രദ്ധേയമാണ്.




