ന്യൂഡല്‍ഹി: നീറ്റ് പുനഃപരീക്ഷയുടെ പശ്ചാത്തലത്തില്‍ നിരോധനം ഏർപ്പെടുത്തിയതോടെ പ്ലേ സ്റ്റോറില്‍ നിന്ന് പ്രമുഖ മെസേജിങ് ആപ്പായ ടെലഗ്രാം നീക്കം ചെയ്ത് ഗൂഗിള്‍. ആപ്പ് നീക്കം ചെയ്യാന്‍ ആപ്പിളിനും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. വ്യാജ ചോദ്യപേപ്പറുകളുടെ പ്രചാരണം തടയാനാണ് കേന്ദ്രത്തിന്റെ താൽക്കാലിക നടപടി. രാജ്യത്ത് ജൂണ്‍ 22 വരെയാണ് ടെലഗ്രാം നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം ടെലഗ്രാമിന്റെ വിലക്കിനെതിരെ സ്ഥാപകന്‍ പാവല്‍ ദുരോവ് രംഗത്തെത്തി. ആപ്പ് നിരോധനം ഇന്ത്യയിലെ 15 കോടിയോളം വരുന്ന സാധാരണ ഉപയോക്താക്കളെ ബാധിക്കുന്ന വിഷയമാണെന്നും അടിസ്ഥാന പ്രശ്‌നം തിരിച്ചറിയാതെയുള്ള നടപടിയാണെന്നും ദുരോവ് പറഞ്ഞു. ഇതിലൂടെ ചോദ്യപ്പേപ്പര്‍ ചോര്‍ത്തിയ കുറ്റവാളികളെ കണ്ടെത്താനാകില്ല. മാത്രമല്ല, ടെലഗ്രാമിനെതിരായ നടപടി ആളുകളെ മറ്റൊരു ആപ്പിലേക്ക് മാറാന്‍ മാത്രമേ പ്രേരിപ്പിക്കുകയുള്ളുവെന്നും ദുരോവ് ചൂണ്ടിക്കാട്ടി.






