തിരുവനന്തപുരം: അടയ്ക്കാ വ്യാപാരത്തിന്റെ മറവിൽ കോടിക്കണക്കിന് രൂപയുടെ ഹവാല ഇടപാടുകൾ നടന്നതായി ഗുരുതര ആരോപണം. മലപ്പുറം കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സംഘത്തിന്റെ നേതൃത്വത്തിൽ രണ്ട് വർഷത്തിനിടെ ഏകദേശം 600 കോടി രൂപയുടെ ഹവാല ഇടപാടുകൾ നടന്നെന്നാണ് പരാതി. പൊന്നാനി സ്വദേശികളായ സഹോദരന്മാരായ മുഹമ്മദ് ജമീൽ, അബ്ദുള്ള ജാസിം എന്നിവരാണ് ഇടപാടുകളുടെ മുഖ്യ ആസൂത്രകരെന്നാണ് ആരോപണം.
സംഭവത്തിൽ മലപ്പുറത്തെ അടയ്ക്കാ വ്യാപാരികൾ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ട് രേഖകളും പരാതിക്കാർ അന്വേഷണ ഏജൻസികൾക്ക് കൈമാറിയിട്ടുണ്ട്. പരാതിക്കാരുടെ നാല് ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചാണ് ഇടപാടുകൾ നടന്നതെന്നാണ് ആരോപണം.
അടയ്ക്കാ വ്യാപാരികളുടെ ബാങ്ക് അക്കൗണ്ടുകൾ ദുരുപയോഗം ചെയ്ത് കള്ളപ്പണം വെളുപ്പിച്ചതായാണ് പരാതിയിൽ പറയുന്നത്. വ്യാപാരബന്ധവും വ്യക്തിപരമായ വിശ്വാസവും മുതലെടുത്താണ് അക്കൗണ്ടുകളുടെ നിയന്ത്രണം കൈവശപ്പെടുത്തിയതെന്നും ആരോപണമുണ്ട്.
ഉത്തർപ്രദേശ് പോലീസിന്റെ അന്വേഷണത്തിനിടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. ഒരു വ്യാപാരിയുടെ അക്കൗണ്ടിലേക്ക് എത്തിയ പണം സംശയാസ്പദമായ ഇടപാടുകളുമായി ബന്ധപ്പെട്ട അക്കൗണ്ടിൽ നിന്നാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കണ്ണൂർ എസ്‌പിക്കാണ് അന്വേഷണ ചുമതല. കേന്ദ്ര അന്വേഷണ ഏജൻസികൾക്കും പരാതിക്കാർ പരാതി നൽകിയിട്ടുണ്ട്. ആരോപണവിധേയരായ ജമീലും ജാസിമും സുഹൃത്തുക്കളായ അടയ്ക്കാ വ്യാപാരികളുമായി ചേർന്ന് വ്യാപാരം നടത്തുന്നതിനിടെയാണ് അക്കൗണ്ടുകൾ ഹവാല ഇടപാടുകൾക്കായി ഉപയോഗിച്ചതെന്നാണ് പരാതി.






