തിരുവനന്തപുരം: ആലപ്പുഴയില്‍ നവകേരള യാത്രക്കിടെ മുന്‍മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ ഉള്‍പ്പടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ മര്‍ദ്ദന കേസില്‍ എസ്‌ഐടി അന്വേഷണം എഡിജിപിയുടെ ഓഫീസിലേക്കും. കേസ് അട്ടിമറി നടന്നെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രത്യേക അന്വേഷണ സംഘം (SIT) നടപടി ശക്തമാക്കുന്നത്.
എഡിജിപിയുടെ ഓഫീസിലെ മുൻ ജീവനക്കാരുടെ മൊഴി എടുക്കാനും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനും എസ്‌ഐടി തീരുമാനിച്ചിട്ടുണ്ട്. മർദ്ദനത്തിന് ഉപയോഗിച്ചതായി പറയുന്ന ലാത്തികൾ കണ്ടെത്തി ഫോറൻസിക് പരിശോധനയ്ക്ക് അയക്കുമെന്നും അറിയിച്ചിട്ടുണ്ട്. കൂടാതെ പ്രതികളുടെ ഫോൺ കോൾ വിവരങ്ങളും പരിശോധിച്ച് മർദ്ദനത്തിന് നിർദേശമുണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കും.
കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പ് നേരത്തെ പുറത്തുവന്നിരുന്നു. വ്യാജ റിപ്പോർട്ട് തയ്യാറാക്കിയത് ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസാണെന്ന് എസ്‌ഐടി റിപ്പോർട്ടിൽ ആരോപിക്കുന്നു. പ്രതികളെ രക്ഷിക്കാൻ കേസ് ഡയറി തന്നെ അട്ടിമറിച്ചതായും തെറ്റായ നറേറ്റീവ് സൃഷ്ടിക്കാൻ വ്യാജ രേഖകൾ ചമച്ചതായും റിപ്പോർട്ടിൽ പറയുന്നു.
പൊലീസ് ഫോട്ടോഗ്രാഫർ ദൃശ്യങ്ങൾ പകർത്തിയെന്ന റഫർ റിപ്പോർട്ടിലെ പ്രസ്താവന തെറ്റാണെന്നും, അത്തരമൊരു ദൃശ്യം ഉണ്ടായിട്ടില്ലെന്നും മൊഴികൾ വ്യക്തമാക്കുന്നതായും എസ്‌ഐടി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ആലപ്പുഴ സെഷൻസ് കോടതിയിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. അതേസമയം, കേസിൽ ഗ്രേഡ് എസ്‌ഐമാർക്കെതിരെ അച്ചടക്ക നടപടിക്ക് ശുപാർശ അച്ചടക്ക നടപടിക്ക് ശുപാര്‍ശ ഉണ്ടായേക്കുമെന്നാണ് വിവരം.






