പ്രകാശ് ബാബു സി
സത്യത്തിൽ ഈ ഉപതെരഞ്ഞെടുപ്പ് എന്തിനായിരുന്നു. നിലവിലുള്ള നിയമസഭയുടെ കാലാവധി കഴിയാൻ ഒരു വർഷം മാത്രം ബാക്കി നിൽക്കെ അൻവർ സ്വന്തം മുന്നണിയുടെ പിതൃസ്ഥാനത്തെന്ന് നാഴികക്ക് നാൽപ്പത് വട്ടം ആണയിട്ടിരുന്ന നേതാവിനെ തള്ളി പറഞ്ഞുകൊണ്ട്, പിണറായിസം കേരളത്തിൽ നിന്ന് കെട്ട് കെട്ടിക്കുമെന്ന് നാടൊട്ടുക്കും കൊട്ടിഘോഷിച്ചു കൊണ്ട് നിലവിലുണ്ടായിരുന്ന നിലമ്പൂർ എം.എൽ.എ സ്ഥാനം രാജിവെച്ചു കൊണ്ട് വീണ്ടും അതേ സ്ഥാനം കൈയ്യേൽക്കാൻ മൽസരിക്കുന്നതെന്തിന്?.
അടുത്ത വർഷം നടക്കുന്ന സംസ്ഥാന നിയമ സഭയിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് വരെ നിയമസഭയിൽ പിണറായിസത്തിനെതിരെ പോരാടാനുള്ള അവസരം കളഞ്ഞു കുളിച്ചു കൊണ്ട് ഒരു ഉപതെരഞ്ഞെടുപ്പിലൂടെ വീണ്ടും നിയമസഭയിലെത്തി തൻ്റെ മൂർച്ച കുറഞ്ഞ പല്ലിനും, നഖത്തിനും കൂടുതൽ മൂർച്ചയേറ്റാമെന്ന അൻവറിൻ്റെ സ്വപ്നം ഇന്നത്തെ തെരഞ്ഞെടുപ്പിലൂടെ പൂവണിയുമോ?. അഥവാ അൻവർ ജയിച്ചാൽ ഒരേകാംഗ പോരാളിയായി നിയമ സഭയിലെ പിൻ ബെഞ്ചിലിരുന്നു തൻ്റെ ബന്ധ ശത്രുവായ വി.ഡി. സതീശനോടൊപ്പം പിണറായിക്കെതിരെ ശബ്ദിക്കാൻ വീണ്ടും രംഗത്തിറങ്ങുമോ? ഈ ചോദ്യങ്ങളുടെ ഉത്തരത്തേക്കാൾ രാഷ്ടിയ കേരളം ഉറ്റു നോക്കുന്നത് പി വി അൻവറെന്ന മുൻ നിലമ്പൂർ എം എൽ.എ യുടെ ഇനിയങ്ങോട്ടുള്ള രാഷ്ട്രിയ നാളുകളെക്കുറിച്ചാണ്.




