ബെംഗളൂരു: കർണാടകയിലെ കുടകിൽ ട്രെക്കിങ്ങിനിടെ കാണാതായ കോഴിക്കോട് നാദാപുരം സ്വദേശിനി ശരണ്യ ജി.എസ് (36)യെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുന്നു. കഴിഞ്ഞ ഏപ്രിൽ 2-ാം തീയതി ഉച്ചയ്ക്കു ശേഷമാണ് യുവതിയെ കാണാതായത്. എറണാകുളത്ത് സോഫ്റ്റ്‌വെയർ എൻജിനീയറായ ശരണ്യ ഒറ്റയ്ക്കാണ് കുടകിലെത്തിയത്. നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഹോംസ്റ്റേയിലായിരുന്നു താമസം. കുടകിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ തടിയൻഡമോൾ കയറാനായിരുന്നു യാത്ര.
ഏപ്രിൽ 2-ന് രാവിലെ 8:15ഓടെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് ശരണ്യ ട്രെക്കിംഗ് ആരംഭിച്ചത്. കാട്ടാന ശല്യം ഉള്ളതിനാൽ മറ്റ് 10 പേർ അടങ്ങിയ സംഘത്തിനൊപ്പം പോകാൻ വനംവകുപ്പ് നിർദേശിച്ചിരുന്നു. വൈകിട്ട് നാല് മണിയോടെ സംഘം തിരിച്ചെത്തിയെങ്കിലും ശരണ്യയില്ലായിരുന്നു.
വഴിതെറ്റിയതായി ശരണ്യ ഹോംസ്റ്റേ ജീവനക്കാരെ ഫോണിലൂടെ അറിയിച്ചിരുന്നു. പിന്നീട് ഫോൺ സിഗ്നൽ നഷ്ടപ്പെട്ടു, ഫോൺ സ്വിച്ച് ഓഫ് ആയി.
പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ഏകദേശം 60 പേർ അഞ്ചു സംഘങ്ങളായി തിരച്ചിൽ നടത്തുന്നു. ഡ്രോണുകളും സ്നിഫർ നായകളും ഉപയോഗിച്ച് കാടിനുള്ളിലും സമീപ പ്രദേശങ്ങളിലും പരിശോധന തുടരുന്നു. കനത്ത കാടും മോശം കാലാവസ്ഥയും തിരച്ചിലിന് ബുദ്ധിമുട്ടാകുന്നു. ശരണ്യയുടെ സഹോദരൻ കുടകിലെത്തിയിട്ടുണ്ട്. നാപ്പോക്ലു പൊലീസ് സ്റ്റേഷനിൽ മിസിംഗ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അപകടത്തിൽപ്പെട്ടതാണോ, വഴിതെറ്റിയതാണോ എന്ന് അന്വേഷിച്ച് അധികൃതർ തിരച്ചിൽ തുടരുകയാണ്.




