ദുബായ്: ദുബായ് ടാക്‌സി കമ്പനി (ഡി.ടി.സി.) ബൈദുവുമായി ചേർന്ന് വാണിജ്യ ആവശ്യങ്ങൾക്ക് 50 ഡ്രൈവറില്ലാ ടാക്‌സികൾ പുറത്തിറക്കി. താമസക്കാരും സന്ദർശകരും ‘അപ്പോളോ ഗോ’ ആപ്പ് വഴി യാത്രകൾ ബുക്ക് ചെയ്യാം. 2030ഓടെ നഗരത്തിലെ യാത്രകളിൽ 25 ശതമാനവും സ്മാർട്ട്, ഡ്രൈവറില്ലാ സംവിധാനങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന സ്വയംനിയന്ത്രിത ഗതാഗത പദ്ധതിയുടെ ഭാഗമാണിത്. വരും വർഷങ്ങളിൽ 1000-ത്തിലധികം ഡ്രൈവറില്ലാ ടാക്‌സികൾ ഉൾപ്പെടുത്തി സേവനം വിപുലീകരിക്കാനാണ് തീരുമാനം.
ഡി.ടി.സി.യുമായുള്ള സഹകരണം സ്വയംനിയന്ത്രിത ഗതാഗത രംഗത്ത് പുതിയ അധ്യായത്തിന് തുടക്കമിടുന്നതാണെന്ന് ബൈദു വൈസ് പ്രസിഡന്റായ നാൻ യാങ് പറഞ്ഞു. ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്ന നൂതന സേവനങ്ങൾ നൽകാനാണ് ലക്ഷ്യമെന്ന് ഡി.ടി.സി. ഗ്രൂപ്പ് സി.ഇ.ഒ. മൻസൂർ റഹ്‌മാ അൽ ഫലസി വ്യക്തമാക്കി. സുരക്ഷ, വിശ്വാസ്യത, പ്രവർത്തന കാര്യക്ഷമത എന്നിവ ഉറപ്പാക്കിയ ശേഷമാണ് സേവനം ആരംഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ മാസം മുതൽ ഉബർ ആപ്പ് വഴി ജുമൈരയിൽ ഡ്രൈവറില്ലാ ടാക്‌സികൾ ബുക്ക് ചെയ്യാനാകുന്നു. ആർ.ടി.എ., ബൈദു, ഉബർ എന്നിവയുടെ സഹകരണത്തോടെയാണ് ‘അപ്പോളോ ഗോ’ സേവനം നടപ്പാക്കുന്നത്.
ആദ്യ ഘട്ടത്തിൽ ജുമൈരയിലെ ചില പ്രദേശങ്ങളിലായിരിക്കും സേവനം ലഭ്യമാകുക. പൊതുജന പ്രതികരണത്തെ അടിസ്ഥാനപ്പെടുത്തി ഇത് മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കും. ഉബർ ആപ്പിൽ ‘ഓട്ടോണമസ്’ ഓപ്ഷൻ തിരഞ്ഞെടുത്താണ് ടാക്‌സി ബുക്ക് ചെയ്യേണ്ടത്.
അടുത്ത വർഷാവസാനത്തോടെ യു.എ.ഇ.യിലും സൗദി അറേബ്യയിലുമായി ഏകദേശം 1200 റോബോ ടാക്‌സികൾ വിന്യസിക്കാനാണ് പദ്ധതി. അബുദാബി, ദുബായ്, റിയാദ് എന്നിവിടങ്ങളിലായി സേവനം വ്യാപിപ്പിക്കാനാണ് ലക്ഷ്യം. നിലവിൽ 200-ലധികം റോബോ ടാക്‌സികൾ പ്രവർത്തനത്തിലുണ്ട്. ഭാവിയിൽ ഈ നിര കൂടുതൽ വിപുലീകരിക്കാനും പദ്ധതിയുണ്ട്.




