72 ഏക്കർ വിസ്തീർണമുള്ള ഒരു തരിശുഭൂമിയെ 30 വർഷംകൊണ്ട് സമൃദ്ധമായ വനമായി മാറ്റിയ അതിശയകരമായ മാതൃകയാണ് ഹിമാലയത്തിലെ ‘സൂര്യകുഞ്ജ്’. പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള ജി.ബി. പന്ത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ എൻവയൺമെന്റിലെ ഗവേഷകർ 1992-ലാണ് ഈ പുനരുജ്ജീവന പദ്ധതിക്ക് തുടക്കമിട്ടത്.
പ്രാദേശിക ജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെയായിരുന്നു പ്രവർത്തനങ്ങൾ മുന്നേറിയത്. ഉത്തരാഖണ്ഡിലെ പടിഞ്ഞാറൻ ഹിമാലയ പ്രദേശത്താണ് ‘സൂര്യകുഞ്ജ്’ എന്ന പേരിലുള്ള ഈ വനമേഖല സ്ഥിതി ചെയ്യുന്നത്. ‘ഫ്രണ്ടിയേഴ്സ് ഇൻ കൺസർവേഷൻ സയൻസ്’ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം, ഈ വനവത്കരണ പദ്ധതി പരിസ്ഥിതി സംരക്ഷണത്തിന് മികച്ച മാതൃകയാണെന്ന് ചൂണ്ടിക്കാട്ടുന്നു.
ഇന്ന് ‘സൂര്യകുഞ്ജ്’ 160-ലധികം പക്ഷിവർഗങ്ങളുടെയും അപൂർവ സസ്യങ്ങളുടെയും ആവാസവ്യവസ്ഥയായി മാറിയിട്ടുണ്ട്. നട്ടുപിടിപ്പിച്ച 190 സസ്യവർഗങ്ങളിൽ 88 എണ്ണം സ്വാഭാവികമായി വളർന്ന് പുനരുത്പാദനം നടത്തുന്നതും ശ്രദ്ധേയമാണ്. ബയോ-എഞ്ചിനിയറിംഗ് സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് മണ്ണിലെ ഈർപ്പം നിലനിർത്തിയതും വനത്തിന്റെ ദീർഘകാല സുസ്ഥിര വളർച്ചയ്ക്ക് സഹായകമായി.




