കൊച്ചി: മമ്മൂട്ടിയും മോഹൻലാലും പ്രധാന കഥാപാത്രങ്ങളാകുന്ന ‘പേട്രിയറ്റ്’ സിനിമയ്ക്ക് സെൻസർ ബോർഡ് ചില മാറ്റങ്ങൾ നിർദേശിച്ചു. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മഹേഷ് നാരായണൻ ആണ്. പോളിറ്റിക്കൽ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിലെ ചില രംഗങ്ങളും പേരുകളും വിവാദമാകാൻ സാധ്യതയുള്ളതിനാൽ അവ ഒഴിവാക്കാനോ മാറ്റാനോ സെൻസർ ബോർഡ് ആവശ്യപ്പെട്ടു.
ഒരു രാഷ്ട്രീയ നേതാവിന്റെ മകന്റെ പേരിനോട് സാമ്യമുള്ള വില്ലന്റെ പേര് മാറ്റണമെന്ന നിർദേശവും നൽകിയതായി സൂചനയുണ്ട്. ഇതനുസരിച്ച് ചിത്രം റീ-എഡിറ്റ് ചെയ്ത് വീണ്ടും സെൻസർ ബോർഡിന് സമർപ്പിക്കാൻ അണിയറ പ്രവർത്തകർ ഒരുങ്ങുകയാണ്. കൊച്ചിയിലെ ലാൽ മീഡിയ സ്റ്റുഡിയോയിൽ റീ-എഡിറ്റിംഗ് ഇതിനകം പൂർത്തിയായി. ആവശ്യമായ മാറ്റങ്ങൾ വരുത്തിയ ശേഷം ചിത്രം മേയ് 1ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് തീരുമാനം.




