മോസ്കോ: യുക്രൈനുമായുള്ള യുദ്ധം അവസാനത്തോടടുക്കുകയാണെന്ന സൂചന നൽകി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. ശനിയാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. “വിഷയം അവസാനത്തോടടുക്കുകയാണെന്ന് ഞാൻ കരുതുന്നു” എന്ന് പുടിൻ പറഞ്ഞു. യുദ്ധം ആരംഭിച്ച് നാലുവർഷം പിന്നിടുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
യൂറോപ്യൻ നേതാക്കളുമായി ചർച്ചയ്ക്ക് തയ്യാറാണോ എന്ന ചോദ്യത്തിന്, മുൻ ജർമൻ ചാൻസലർ ഗെർഹാർഡ് ഷ്രോഡറെൻ കൂടുതൽ ഇഷ്ടപ്പെടുന്നുവെന്നായിരുന്നു പുതിന്റെ മറുപടി. അതേസമയം, യൂറോപ്യൻ യൂണിയൻ നേതാക്കൾ സമാധാന ചർച്ചകൾക്കായി തയ്യാറെടുക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.
നിലവിൽ റഷ്യയും യുക്രൈനും മൂന്ന് ദിവസത്തെ വെടിനിർത്തൽ ധാരണയിലാണ്. റെഡ് സ്ക്വയറിലെ വിക്ടറി ഡേ പരേഡിനോടനുബന്ധിച്ചാണ് ഈ വെടിനിർത്തൽ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അഭ്യർത്ഥനയെ തുടർന്നാണ് ഈ ധാരണ ഉണ്ടായത്. ചടങ്ങുകൾക്ക് തടസ്സമുണ്ടാക്കിയാൽ കീവിൽ വലിയ ആക്രമണം നടത്തുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, പരേഡ് ലക്ഷ്യമിടരുതെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി സൈന്യത്തിന് നിർദേശം നൽകി.
സമാധാന കരാർ അംഗീകരിച്ച ശേഷം മാത്രമേ സെലെൻസ്‌കിയെ കാണുകയുള്ളുവെന്നും പുതിൻ വ്യക്തമാക്കി. കൂടാതെ, ഇരുരാജ്യങ്ങളും ആയിരം തടവുകാരെ വീതം കൈമാറാൻ ധാരണയായതായും റിപ്പോർട്ടുകളുണ്ട്. 2022 ഫെബ്രുവരി 24-നാണ് റഷ്യ യുക്രൈനിൽ അധിനിവേശം ആരംഭിച്ചത്.
2014-ൽ പിടിച്ച ക്രൈമിയ ഉൾപ്പെടെ യുക്രൈന്റെ ഏകദേശം അഞ്ചിൽ ഒന്നു പ്രദേശങ്ങൾ നിലവിൽ റഷ്യയുടെ നിയന്ത്രണത്തിലാണ്. ഡോൺബാസ് ഉൾപ്പെടെയുള്ള പ്രദേശങ്ങൾ തിരിച്ചുനൽകുന്ന കാര്യത്തിലും, യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമായ സപൊറീഷയുടെ നിയന്ത്രണത്തിലും ഇപ്പോഴും അഭിപ്രായവ്യത്യാസം തുടരുന്നു.






