തൃശ്ശൂർ: തൃശ്ശൂർ പൂരം കളറാകും, ഭഗവതിയുടെ തിടമ്പേറ്റാൻ രാമ രാജാവ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇത്തവണ എത്തും. കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഗജപ്രമുഖനാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. കഴിഞ്ഞ വർഷവും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയത്. രാമരാജാവ് എത്തുന്നതോടെ പൂരം കൊഴുക്കും. കേരളത്തിൽ ഇന്ന് ജീവിച്ചിരിപ്പുള്ളതിൽ ഏറ്റവും ഉയരമുള്ള ആനയും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. പൂരം പ്രേമികൾ ഏറെ ആവേശത്തിലാണ്.
ആനപ്രേമികളുടെ ആവേശമാണെങ്കിലും തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ജന്മം കൊണ്ട് ഇവിടത്തുകാരനല്ല. ബിഹാറിലെ ആനച്ചന്തയിൽ നിന്നും കേരളത്തിലേക്ക് എത്തിക്കുമ്പോൾ പേര് മോട്ടിപ്രസാദ് എന്നായിരുന്നു. 984ൽ തെച്ചിക്കോട്ടുകാവ് ദേവസ്വം ഈ ആനയെ വാങ്ങി നടക്കിരുത്തിയപ്പോൾ ഇട്ട പേരാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. കേരളത്തിൽ ‘ഏകഛത്രാധിപതി’ പട്ടമുള്ള ഏക ആനയും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്.






