തൃശൂർ: തൃശൂരിലെ ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച നടന്നു. ഇരട്ടച്ചിറ ശിവക്ഷേത്ര സമുച്ചയത്തിലെ മാരിയമ്മൻ കോവിലിലാണ് സംഭവം. ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് പണം അപഹരിച്ചതായി പൊലീസ് അറിയിച്ചു.
രാത്രി 11.42ഓടെയാണ് മോഷ്ടാവ് ക്ഷേത്രത്തിലെത്തിയതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. സംശയാസ്പദനായ വ്യക്തിയുടെ ദൃശ്യങ്ങൾ ലഭിച്ചതായി പൊലീസ് അറിയിച്ചു.
ഭണ്ഡാരത്തിന് സമീപത്ത് നിന്ന് വോട്ടർ ഐഡി, പാൻ കാർഡ്, ആധാർ കാർഡ് എന്നിവ കണ്ടെത്തിയിട്ടുണ്ട്. മനോജ് മുർമു എന്ന പേരിലുള്ള കാർഡുകളാണിവയെന്ന് പൊലീസ് വ്യക്തമാക്കി. ഇവ മോഷ്ടാവിന്റേതാണോയെന്ന് സ്ഥിരീകരിക്കുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.




