തിരുവനന്തപുരം: യുഡിഎഫ് സർക്കാർ വാഗ്ദാനം ചെയ്ത ക്ഷേമപെൻഷൻ 3000 രൂപയാക്കുന്ന നടപടിയിൽ അനാവശ്യ കാലതാമസം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. നിയമസഭയിലെ ചോദ്യോത്തരവേളയിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
അർഹരായവർക്ക് ക്ഷേമപെൻഷൻ ഉറപ്പാക്കുന്നതിനായി നിലവിലെ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി പുതിയ സംവിധാനം നടപ്പാക്കുന്നത് സർക്കാർ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അനർഹരായ ചിലർ നിലവിൽ പദ്ധതിയുടെ ഗുണഭോക്താക്കളായി തുടരുന്ന സാഹചര്യത്തിൽ, അർഹരെ ഉൾപ്പെടുത്തുകയും അനർഹരെ ഒഴിവാക്കുകയും ചെയ്യുന്ന കാര്യത്തിൽ സർക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഈ മാസത്തെ ക്ഷേമപെൻഷൻ ജൂൺ 24 മുതൽ വിതരണം ആരംഭിക്കുമെന്നും മുടങ്ങാതെയുള്ള പെൻഷൻ വിതരണം ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേമപെൻഷൻ 3000 രൂപയാക്കുമെന്ന യുഡിഎഫ് വാഗ്ദാനം മുൻ എൽഡിഎഫ് സർക്കാരിന്റെ വാഗ്ദാനങ്ങളെപ്പോലെ ആയിരിക്കില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു. എൽഡിഎഫ് 2500 രൂപ പെൻഷൻ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ആദ്യ സർക്കാരിന്റെ കാലാവധി അവസാനിക്കുമ്പോഴാണ് 1500 രൂപയിൽ നിന്ന് 100 രൂപ വർധിപ്പിച്ചതെന്നും, പിന്നീട് 2000 രൂപയാക്കി ഉയർത്തിയത് രണ്ടാം സർക്കാരിന്റെ കാലാവധി അവസാനഘട്ടത്തിലായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അത്തരമൊരു കാലതാമസം യുഡിഎഫ് സർക്കാർ വരുത്തില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.
എയർ കണ്ടീഷണർ ഉള്ള വീടുകളിലെ ഗുണഭോക്താക്കൾക്ക് പെൻഷൻ നിഷേധിക്കുന്നതടക്കമുള്ള നിലവിലെ മാനദണ്ഡങ്ങളെക്കുറിച്ച് വ്യാപക പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ഇവ സർക്കാർ പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.






