തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം കാലാവസ്ഥയിൽ വന്ന വ്യതിയാനമാണെന്ന് വൈദ്യുതിമന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. നിലവിൽ സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ് ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. വൈദ്യുതി ഉപഭോഗം കൂടുന്നതിനാൽ ചിലപ്പോൾ ട്രിപ്പ് സംഭവിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതൽ ഇലക്ട്രിക് വാഹനങ്ങൾ കേരളത്തിലാണെന്നും ഇത് വൈദ്യുതി ഉപഭോഗം വർധിക്കാൻ കാരണമായതായും മന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തിന് 250 മെഗാവാട്ട് അധിക വൈദ്യുതി ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നും മന്ത്രി അറിയിച്ചു. മഴ ലഭിച്ചാൽ പ്രതിസന്ധി കുറയുമെന്നും അദ്ദേഹം പറഞ്ഞു. വീടുകളിൽ പാചകവാതക ക്ഷാമം ഉണ്ടായതിനെ തുടർന്ന് ഇൻഡക്ഷൻ കുക്കറുകളുടെ ഉപയോഗം കൂടിയതും വൈദ്യുതി ഉപഭോഗം വർധിപ്പിച്ചതായി മന്ത്രി പറഞ്ഞു.
വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. മുന്നൊരുക്കങ്ങളിൽ സർക്കാർ പരാജയപ്പെട്ടോ എന്ന ചോദ്യത്തിന്, അതു റെഗുലേറ്ററി കമ്മിഷനോട് ചോദിക്കേണ്ടതാണെന്ന് മന്ത്രി മറുപടി നൽകി. വൈദ്യുതി ലഭ്യമാകുമെന്ന പ്രതീക്ഷയിൽ ബോർഡ് മുൻകൂട്ടി വലിയ ഇടപെടൽ നടത്തിയിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.




