തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇന്നും വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനങ്ങൾ നടന്നിരുന്നു. സംസ്ഥാനത്തുടനീളം വി ഡി സതീശനായി നടക്കുന്ന പ്രകടനങ്ങള്‍ക്കെതിരെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍. പൊതുസമൂഹത്തിന് മുന്നില്‍ പാര്‍ട്ടിയെ അപഹാസ്യമാക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്നും പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ നേതാക്കള്‍ തയ്യാറാകണമെന്നും അലോഷ്യസ് ആവശ്യപ്പെട്ടു.
ഈ പാർട്ടിയിൽ എല്ലാതവണയും മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങളെക്കുറിച്ചു ബോധ്യമില്ലാത്ത ആളുകൾ അല്ലല്ലോ ഉന്നത നേതൃത്വം. പട നയിക്കാൻ ഇവിടെ ഒരു സായുധ വിപ്ലവവും നടന്നിട്ടില്ല. പടച്ചട്ട ഇട്ടാരും ഇറങ്ങിയിട്ടുമില്ല എന്നാണ് പ്രതികരണം. കോൺഗ്രസ് നേതാക്കന്മാരുടെ യോഗ്യതയും അയോഗ്യതയും തെരുവ് വിസ്താരത്തിന് വിധേയമാകണമെന്ന ധാരണ നേതൃത്വത്തിൽ ആർക്കെങ്കിലും ഉണ്ടെങ്കിൽ ഈ പ്രതിഭാസത്തിന് ശേഷം അതിനെല്ലാം മറുപടി പറയേണ്ടി വരുമെന്നും കൂട്ടിച്ചേർത്തു.




