തിരുവനന്തപുരം: ബിജെപി കൗൺസിലർ സുഗതനെതിരെ മുൻ മന്ത്രി വി ശിവൻകുട്ടി. നഗരസഭയുടെ ചരിത്രത്തിൽ ഇതുപോലെ ഒരു “ഗുണ്ടാ തലവൻ” ഉണ്ടായിട്ടില്ലെന്ന് ശിവൻകുട്ടി ആരോപിച്ചു. വഴോട്ട്‌കോണം ജനങ്ങൾക്ക് സംഭവിച്ച അബദ്ധമാണ് സുഗതനെന്നും, നഗരസഭയിൽ “റീൽസ് ഭരണമാണ്” നടക്കുന്നതെന്നും ശിവൻകുട്ടി പറഞ്ഞു. സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ മാർച്ചിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കോർപ്പറേഷനിൽ സുഗതന്റെ നേതൃത്വത്തിൽ ആയുധ ശേഖരം ഉണ്ടെന്ന സംശയം ഉന്നയിച്ച ശിവൻകുട്ടി, പോലീസ് പരിശോധന വേണമെന്നും ആവശ്യപ്പെട്ടു. മേയറും ഡെപ്യൂട്ടി മേയറും റീൽസ് ചെയ്യുന്നതിലാണ് ശ്രദ്ധയെന്നും അദ്ദേഹം വിമർശിച്ചു.
അതേസമയം, മുൻ മന്ത്രി കെ.എൻ. ബാലഗോപാലും സുഗതനെതിരെ വിമർശനം ഉന്നയിച്ചു. ഇത്തരത്തിലുള്ള ക്രിമിനൽ സ്വഭാവമുള്ള ഒരാൾ കൗൺസിലറായി ഉണ്ടായിട്ടില്ലെന്നും, കേരളത്തിൽ ഉത്തരേന്ത്യൻ രാഷ്ട്രീയം നടപ്പാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സുഗതന്റെ പേരിലുള്ളത് രാഷ്ട്രീയ കേസുകൾ അല്ലെന്നും ബാലഗോപാൽ ആരോപിച്ചു. കൂടാതെ, മുൻ ഡിജിപി ആർ. ശ്രീലേഖയെ പരാമർശിച്ചും അദ്ദേഹം വിമർശനം ഉന്നയിച്ചു.
ഇതിനിടെ സിപിഐഎം ജില്ലാ സെക്രട്ടറി വി. ജോയ് സുഗതനെതിരെ കടുത്ത നിലപാട് സ്വീകരിച്ചു. 23-ന് മുമ്പ് കൗൺസിലറെ പുറത്താക്കിയില്ലെങ്കിൽ കോർപ്പറേഷൻ മുന്നിൽ ഇടത് കൗൺസിലർമാർ റിലേ സത്യാഗ്രഹം നടത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
വധശ്രമക്കേസിൽ ഒളിവിലായിരുന്ന സുഗതനെ നാടകീയ സംഭവങ്ങൾക്കൊടുവിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് അറസ്റ്റ്. കാപ്പ ചുമത്തപ്പെട്ടിരുന്ന സുഗതനെ പിടികൂടാൻ എത്തിയപ്പോൾ അനുയായികൾ പോലീസ് സംഘത്തെ തടഞ്ഞതായും, തുടർന്ന് സംഘർഷം ഉണ്ടായതായും റിപ്പോർട്ടുണ്ട്. ഇതിനിടെ എസ്എച്ച്ഒ ആകാശത്തേക്ക് വെടിയുതിർക്കേണ്ടി വന്നു. എന്നാൽ താൻ ഒളിവിലായിരുന്നില്ല, ചിക്കൻ പോക്സ് ബാധിച്ച് വിശ്രമത്തിലായിരുന്നുവെന്നാണ് സുഗതന്റെ വാദം. പോലീസ് ആക്രമിച്ചതിനും അദ്ദേഹത്തിനെതിരെ കേസെടുത്തിട്ടുണ്ട്.





