വളരെ എളുപ്പത്തിൽ ഒരു കിടിലം നാടൻ ബീഫ് ഫ്രൈ ഉണ്ടാക്കിയാലോ? ബീഫ് പ്രേമികളുടെ പ്രിയപ്പെട്ട വിഭവമാണ് ബീഫ് തേങ്ങാക്കൊത്ത് ചേർത്ത് ഉലർത്തിയത്. കേൾക്കുമ്പോൾ തന്നെ രണ്ട് പ്ലേറ്റ് ചോര കഴിക്കാൻ തോന്നുമല്ലേ. മാത്രമല്ല അപ്പത്തിനൊപ്പവും പൊറോട്ടയ്‌ക്കൊപ്പവുമെല്ലാം സൂപ്പർ കോമ്പിനേഷനാണ് ഈ വിഭവം. ഇനി ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- ബീഫ് (ചെറിയ കഷ്ണങ്ങളാക്കിയത്)- 500 ഗ്രാം
- മുളകുപൊടി- ഒരു ടേബിൾസ്പൂൺ
- മല്ലിപൊടി- രണ്ട് ടേബിൾസ്പൂൺ
- ഗരം മസാല- അര ടീസ്പൂൺ
- മഞ്ഞൾപ്പൊടി- അര ടീസ്പൂൺ
- കുരുമുളകുപൊടി- ഒരു ടീസ്പൂൺ
- ഇഞ്ചി അരിഞ്ഞത്- ഒരു ടീസ്പൂൺ
- ചെറിയ ഉള്ളി- നാല് എണ്ണം
- വെളിച്ചെണ്ണ- ആവശ്യത്തിന്
- കറിവേപ്പില-രണ്ട് തണ്ട്
- തേങ്ങ കൊത്ത് (വറുത്തത്) -കാൽ കപ്പ്
- ഉപ്പ്- ആവശ്യത്തിന്
പാചകം ചെയ്യേണ്ട വിധം
ആദ്യം കഴുകി വൃത്തിയാക്കിയ ബീഫിൽ മുളകുപൊടി, മല്ലിപൊടി, മഞ്ഞൾപൊടി, ഗരം മസാല, ഇഞ്ചി, തേങ്ങ കൊത്ത്, ഉപ്പ് എന്നിവ ചേർത്തു വേവിക്കുക. കുക്കറിൽ വെള്ളം ഒഴിക്കാതെ വേണം വേവിക്കാൻ. ശേഷം പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചെറിയ ഉള്ളി അരിഞ്ഞതും കറിവേപ്പിലയും ഇട്ടു നന്നായി മൂപ്പിച്ചെടുക്കണം. ഇതിലേയ്ക്ക് കുരുമുളകുപൊടിയും വെന്ത ഇറച്ചിയും ചേർത്ത് നന്നായി ഇളക്കുക. ഇനി വെള്ളം വറ്റിച്ച് നന്നായി വരട്ടി എടുക്കുക. ശേഷം അതിലേക്ക് കുറച്ച് പച്ച വെളിച്ചെണ്ണ കൂടി ചേർത്ത് ചുറ്റിച്ചെടുത്താൽ സ്വാദിഷ്ടമായ ബീഫ് ഫ്രൈ റെഡി.




