2023ലെ നവകേരള യാത്ര പല കാരണങ്ങൾ കൊണ്ടും ശ്രദ്ധേയമായതാണ്. അക്കൂട്ടത്തിൽ ഒരിക്കലും മറക്കാത്ത ഒന്നാണ് രക്ഷാപ്രവർത്തനം. അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻറെ ഗൺമാൻമാർ നവകേരള യാത്രയ്ക്കിടെ കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസ് വലിയ വിവാദമായതാണ്. വീണ്ടും അധികാരത്തിലെത്തിയ വിഡി സതീശൻ സർക്കാർ ആദ്യ ദിവസം തന്നെ ഈ കേസ് വീണ്ടും അന്വേഷിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചതോടെ സോഷ്യൽ മീഡിയയിലെയാകെ ചർച്ച ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്.പി എ.പി. ഷൗക്കത്തലിയെപ്പറ്റിയാണ്. അദ്ദേഹത്തിന്റെ മേൽനോട്ടത്തിലാണ് പ്രത്യേക സംഘം കേസ് അന്വേഷിക്കുക. ആരാണ് ഈ ഷൗക്കത്തലി? എന്തുകൊണ്ട് ഈ പേര് ഇത്രയും ചലനമുണ്ടാക്കുന്നു? അതിന് കാരണമുണ്ട്.
ഷൗക്കത്തലി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻറെ അന്വേഷണ മികവിനുള്ള പുരസ്‌കാരം നേടിയ ഉദ്യോഗസ്ഥനാണ്. അതിനുമപ്പുറം, കേരളക്കരയെ പിടിച്ചു കുലുക്കിയ ടി.പി ചന്ദ്രശേഖരൻ വധക്കേസ് അന്വേഷിച്ച സംഘത്തിലുണ്ടായിരുന്ന ഷൗക്കത്തലി ടി.പി.കേസ് സൂത്രധാരനെന്ന് അന്വേഷണ സംഘം കണ്ടെത്തിയ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനെ നടുറോഡിൽ കാർ തടഞ്ഞ് അറസ്റ്റ് ചെയ്തിട്ടുള്ള ചരിത്രമുള്ളയാളാണ്. മാത്രമല്ല കൊടി സുനി ഉൾപ്പെടെയുള്ള കൊടും ക്രിമിനലുകളെ അകത്താക്കിയതും ഇദ്ദേഹം തന്നെയാണ്.
1995ൽ ഒന്നാം റാങ്കോടെ കേരളാ പൊലീസിൽ എസ്.ഐ ആയി സേവനം തുടങ്ങിയ ഷൗക്കത്തലി 2014ൽ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയിലെത്തി. ടി.പി. ചന്ദ്രശേഖരൻ വധക്കേസ്, കനകമല കേസ്, തമിഴ്‌നാട്ടിലെ ഒട്ടേറെ ഭീകരവാദ കേസുകൾ, പാരീസ് ഭീകരാക്രമണ കേസിൽ ഫ്രഞ്ച് ഏജൻസികളുമായി ചേർന്നുള്ള അന്വേഷണം എന്നിവയിലെല്ലാം നിർണായക പങ്ക്. ദേശീയ അന്വേഷണ ഏജൻസിയുടെ തീവ്രവാദ വിരുദ്ധ ഓപ്പറേഷൻ സ്പെഷലിസ്റ്റായാണ് ഷൗക്കത്തലി അറിയപ്പെടുന്നത്.
2020-ലെ സ്വർണ്ണക്കടത്ത് കേസിൽ ചുമതലയേറ്റെടുത്ത് 24 മണിക്കൂറിനുള്ളിൽ മുഖ്യപ്രതികളായ സ്വപ്‌നാ സുരേഷിനേയും സന്ദീപിനേയും അറസ്റ്റ് ചെയ്തതും മറ്റാരുമല്ല. തലശ്ശേരി ഡിവൈഎസ്പിയായിരുന്ന സമയത്താണ് ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ കൊടി സുനി, ഷാഫി, കിർമാണി മനോജ് എന്നിവരെയും സി.പി.എം. നേതാക്കളായ പി.കെ. കുഞ്ഞനന്തനെയും പി.മോഹനനേയും അറസ്റ്റു ചെയ്തത്. അതായത്, കുറച്ച് വർഷങ്ങളായി സിപിഎമ്മിന്റെ കണ്ണിലെ കരട്. പല സിപിഎം നേതാക്കളുടേയും ഉറക്കം കളഞ്ഞ ഷൗക്കത്തലിയെ തന്നെ രക്ഷാപ്രവർത്ത കേസും അന്വേഷിക്കുമ്പോൾ വ്യക്തമായൊരു സൂചനയാണ് വിഡി സതീശൻ സർക്കാർ നൽകുന്നത്. ഇതൊരു പ്രതികാര നടപടിയൊന്നുമല്ലെന്ന് മുഖ്യമന്ത്രി പറയുമ്പോൾ തന്നെ, ഈ കേസിൽ തങ്ങൾക്ക് പ്രത്യേക താൽപര്യമുണ്ടെന്നും ഇത് കോൺഗ്രസിന്റെ, പ്രത്യേകിച്ച് യൂത്ത് കോൺഗ്രസിന്റെ അഭിമാന പ്രശ്നമാണെന്നും സതീശൻ പറായതെ തന്നെ പറഞ്ഞുവെക്കുന്നുണ്ട്.
15 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് നൽകാനാണ് നിർദേശം. അന്വേഷണത്തിൽ ഡിവൈഎസ്പി അടക്കം അഞ്ച് ഉദ്യോഗസ്ഥർ സംഘത്തിലുണ്ട്. രണ്ട് വർഷം മുമ്പ് ഡിസംബർ 15ന് നവകേരള യാത്രയുടെ ബസ് ആലപ്പുഴയിലൂടെ കടന്ന് പോകുമ്പോൾ ജനറൽ ആശുപത്രി ജംക്ഷനിൽ കാത്തുനിന്ന നിലവിലെ ആലപ്പുഴ എംഎൽഎയും അന്നത്തെ കെഎസ്യു ജില്ലാ പ്രസിഡന്റുമായ എ.ഡി.തോമസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജയ് ജൂവർ കുര്യാക്കോസ് എന്നിവർ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു. പോലീസുകാർക്ക് പുറമേ മുൻ മുഖ്യമന്ത്രിയുടെ ഗൺമാന്മാരും വാഹനത്തിൽ നിന്നിറങ്ങി നടുറോഡിലിട്ട് യൂത്ത് കോൺഗ്രസുകാരെ ക്രൂരമായി മർദിച്ചിരുന്നു. ഗൺമാൻ അനിൽകുമാറും സുരക്ഷാ ഉദ്യോഗസ്ഥൻ എസ്.സന്ദീപും ചേർന്നാണ് ക്രൂരമായി തല്ലിച്ചതച്ചത്. ആ ദൃശ്യങ്ങൾ കണ്ടാൽ അറിയാം എത്രമാത്രം ഭീകരമായിരുന്നു ആ മർദ്ദനമെന്ന്. ഇതിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ അന്ന് പരാതി നൽകിയിരുന്നുവെങ്കിലും കേസെടുക്കാൻ ആദ്യം പൊലീസ് തയാറായിരുന്നില്ല.
തുടർന്ന് കോടതി ഇടപെടലിലാണ് കേസ് റജിസ്റ്റർ ചെയ്തത്. ദൃശ്യങ്ങളിലൂടെ കേരളം മുഴുവൻ കണ്ട ആ അക്രമം തന്റെ ശ്രദ്ധയിൽപ്പെട്ടില്ലെന്നായിരുന്നു അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻറെ ന്യായീകരണം. കോടതി നിർദേശത്തിൽ കേസെടുത്തുവെങ്കിലും പ്രതികളെ ചോദ്യം ചെയ്യാൻ പോലും കഴിഞ്ഞിരുന്നില്ല. ദൃശ്യങ്ങളുണ്ടായിട്ട് പോലും കേസ് എവിടേയും എത്തിയില്ല. ‘ഞങ്ങളുടെ കുഞ്ഞുങ്ങളെ തല്ലിച്ചതച്ചത് മറന്നിട്ടില്ലെന്നും എല്ലാം ഓർത്തുവയ്ക്കുമെന്നും’ അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.ഡി.സതീശൻ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ ആദ്യം പ്രഖ്യാപിച്ചത് ഈ കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുമെന്നാണ്.
ചുരുക്കത്തിൽ, രാഷ്ട്രീയ പ്രതികാരത്തിനപ്പുറം നിയമവാഴ്ച ഉറപ്പാക്കുക എന്ന പ്രഖ്യാപനത്തോടെയാണ് വി.ഡി. സതീശൻ സർക്കാർ ഈ കേസിനെ സമീപിക്കുന്നത്. സി.പി.എമ്മിന്റെ ശക്തരായ നേതാക്കളെയും കൊടും ക്രിമിനലുകളെയും നിയമത്തിന് മുന്നിൽ കൊണ്ടുവന്ന എ.പി. ഷൗക്കത്തലിയെപ്പോലൊരു മികച്ച ഉദ്യോഗസ്ഥനെത്തന്നെ അന്വേഷണം ഏൽപ്പിച്ചതിലൂടെ സർക്കാരിന്റെ ലക്ഷ്യം വ്യക്തമാണ്. അധികാരത്തിന്റെ തണലിൽ നിയമം കയ്യിലെടുത്തവർക്ക് ഒരുനാൾ കീഴടങ്ങേണ്ടി വരുമെന്നത്. പോലീസ് ഫയലുകളിൽ ഒതുങ്ങിപ്പോയ ക്രൂരമായ മർദ്ദനത്തിന് ഒടുവിൽ നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരും പൊതുസമൂഹവും. ദൃശ്യങ്ങൾ സാക്ഷിയായിട്ടും കഴിഞ്ഞ സർക്കാർ നിസ്സാരവൽക്കരിച്ച ഒരു കേസ്, പുതിയ സർക്കാരിന്റെ ആദ്യ നാളുകളിൽത്തന്നെ സജീവ ചർച്ചയാകുന്നത് കേരള രാഷ്ട്രീയത്തിലെ വലിയൊരു മാറ്റത്തിന്റെ സൂചനയാണ്.





