തിരുവനന്തപുരം: മെയ് മാസത്തെ സാമൂഹ്യ സുരക്ഷ, ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ വിതരണം ഈ മാസം 25-ന് ആരംഭിക്കും. ഇതിനായി 1070 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ അറിയിച്ചു. പിണറായി സർക്കാരുകൾ പെൻഷൻ 2000 രൂപയായി വർദ്ധിപ്പിച്ചപ്പോൾ, യുഡിഎഫ് 3000 രൂപ വാഗ്ദാനം ചെയ്തിരുന്നു. 2011 – 2016 കാലഘട്ടത്തിലെ യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് 600 രൂപയായിരുന്നു ക്ഷേമ പെൻഷൻ.
യുഡിഫ് സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ പല വാഗ്ദാനങ്ങൾക്കും പച്ചക്കൊടി വീശിയിട്ടുണ്ട്. ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്രക്ക് ഉത്തരവിട്ടിട്ടുണ്ട്. പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ ആലപ്പുഴയിൽ വെച്ച് ഗൺമാൻമാർ യൂത്ത് കോൺഗ്രസ് – കെ എസ് യു പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. അതേസമയം, സർക്കാർ അധികാരത്തിൽ കയറി 24 മണിക്കൂറുകൾ പിന്നിട്ടിട്ടും വകുപ്പുകളുടെ കാര്യത്തിൽ ഇതുവരെയും അന്തിമ തീരുമാനം ആയിട്ടില്ല.





