ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിൽ (എഎപി) നടക്കുന്ന രാഷ്ട്രീയ മാറ്റങ്ങളും നേതാക്കളുടെ കൂട്ടത്തോടെ പുറത്തുപോകലും പാർട്ടിക്കെതിരെ കടുത്ത വിമർശനങ്ങൾക്ക് വഴിവെച്ചു. ഗാന്ധിയൻ നേതാവ് അണ്ണാ ഹസാരെ പാർട്ടിയെ രൂക്ഷമായി വിമർശിച്ച് രംഗത്ത് വന്നു.
പാർട്ടിയിൽ ഉണ്ടായ വൻ കൊഴിഞ്ഞുപോക്കിന് എഎപി നേതൃത്വമാണ് ഉത്തരവാദിയെന്ന് അണ്ണാ ഹസാരെ പറഞ്ഞു. പാർട്ടിയുടെ നിലപാടുകളും പ്രവർത്തന രീതികളും തന്നെയാണ് നേതാക്കൾ വിട്ടുപോകാൻ കാരണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ജനാധിപത്യത്തിൽ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും, നേരിട്ട പ്രശ്നങ്ങളാകാം നേതാക്കളെ പാർട്ടി വിടാൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ശരിയായ ദിശയിൽ ആയിരുന്നെങ്കിൽ എംപിമാർ വിട്ടുപോകില്ലായിരുന്നുവെന്നും ഹസാരെ കുറ്റപ്പെടുത്തി.
അതേസമയം, മുതിർന്ന നേതാവ് രാഘവ് ഛദ്ദയും മറ്റ് ആറു രാജ്യസഭാ എംപിമാരും പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതായാണ് റിപ്പോർട്ടുകൾ. ഇത് രാജ്യതലസ്ഥാന രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് ഇടയാക്കുമെന്നാണ് വിലയിരുത്തൽ. എംപിമാർക്ക് പുറമെ എംഎൽഎമാരും പാർട്ടി വിടുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. പഞ്ചാബിലും എഎപിയിൽ ഭിന്നത ശക്തമാകുന്നതായും റിപ്പോർട്ടുകളുണ്ട്. ഇതിനിടെ എംപിമാർ പാർട്ടി വിട്ട വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ രാഷ്ട്രപതിയെ കണ്ടു.




