മലപ്പുറം: മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ ഗുരുതരമായ ചികിത്സാപിഴവ് ആരോപണം. പുഴുവരിച്ച വ്രണവുമായി ചികിത്സയ്‌ക്കെത്തിച്ച അഞ്ചുവയസ്സുകാരിയായ ആദിവാസി ബാലികയ്ക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് പരാതി.
പോത്തുകൽ ചെമ്പ്ര നഗറിലെ സുരേഷ്–സുനിത ദമ്പതികളുടെ മകൾ സുനിമോളിനെയാണ് ആവശ്യമായ ചികിത്സ നൽകാതെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതെന്നാണ് ആരോപണം. കുഞ്ഞിന്റെ തലയിൽ ഉണ്ടായിരുന്ന വ്രണം ഗുരുതരമായി അഴുകിയ നിലയിലായിരുന്നു. നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നിന്ന് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തായിരുന്നു കുട്ടിയെ എത്തിച്ചത്.
ഇന്ന് രാവിലെ മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം വീട്ടിലേക്ക് പോകുന്നതിനായി ഓട്ടോ വിളിച്ചു. ഡ്രൈവർ കുഞ്ഞിനെ ഓട്ടോയിലേക്ക് കയറ്റുന്നതിനിടെയാണ് തലയിലെ മുറിവിൽ പുഴുക്കൾ ഉള്ളത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കുട്ടിയെ ഉടൻ തന്നെ വീണ്ടും നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. അവിടെ നടത്തിയ പരിശോധനയിൽ കുഞ്ഞിന്റെ തലയിൽ നിന്ന് 30ലധികം പുഴുക്കളെ നീക്കം ചെയ്തു.
തുടർന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷിച്ച് വിശദീകരണം നൽകാമെന്ന നിലപാടാണ് ആശുപത്രി സൂപ്രണ്ടിന്റെ ഭാഗത്ത് നിന്ന് അറിയിച്ചത്.




