മലപ്പുറം: റെയിൽവേ പുറംപോക്ക് ഭൂമിയിൽ 14കാരിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതകൾ തുടരുന്നു. പെൺകുട്ടിയെ സഹപാഠി എന്തിന് കൊലപ്പെടുത്തി, പ്രതി മയക്കുമരുന്നിന്റെ ലഹരിയിലായിരുന്നോ, പതിനാറുകാരൻ ഒറ്റയ്ക്കാണോ ഈ ക്രൂരകൃത്യം നടത്തിയതെന്നതടക്കമുള്ള നിരവധി ചോദ്യങ്ങൾക്ക് ഇതുവരെ വ്യക്തമായ ഉത്തരമില്ല.
ബലാത്സംഗം നടത്തിയ ശേഷം പെൺകുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് പ്രതിയായ പ്ലസ് വൺ വിദ്യാർത്ഥി പൊലീസിനോട് മൊഴി നൽകിയിട്ടുണ്ട്. ഇന്നലെ കാണാതായ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്.
സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റായിരുന്ന മിടുക്കിയായ വിദ്യാർത്ഥിനിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ സ്കൂളിലേക്ക് പോയ പെൺകുട്ടി പിന്നീട് വീട്ടിലേക്ക് തിരിച്ചെത്തിയിരുന്നില്ല. സ്കൂളിലും ഹാജരായിരുന്നില്ല. വൈകിട്ട് ആറുമണിയോടെ അമ്മയെ പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്ന് വിളിച്ച് വീടിനടുത്തെത്തിയിട്ടുണ്ടെന്നും ഉടൻ വരാമെന്നും പെൺകുട്ടി പറഞ്ഞിരുന്നു. എന്നാൽ രാത്രി വൈകിയിട്ടും അവൾ വീട്ടിലെത്തിയില്ല. ആശങ്കയിലായ വീട്ടുകാർ പലതവണ ഫോൺ വിളിച്ചെങ്കിലും പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയതായി കണ്ടെത്തി. ഇതോടെ കുടുംബം പൊലീസിൽ പരാതി നൽകി.






