കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ മുതിർന്ന നേതാക്കളായ മമത ബാനർജി ഉൾപ്പെടെയുള്ളവർക്കെതിരെ നിയമനടപടിയുമായി എം.പി. കാകോലി ഘോഷ് ദസ്തീദാറിന്റെ മകനും പ്രമുഖ മനോരോഗ വിദഗ്ധനുമായ ഡോ. വൈദ്യനാഥ് ഘോഷ് ദസ്തീദാർ. മമത ബാനർജിക്കൊപ്പം എം.പിമാരായ കല്യാൺ ബാനർജി, സൗഗത റോയ്, മഹുവ മൊയ്ത്ര, പാർട്ടി നേതാവ് സൊണാലി ഗുഹ എന്നിവർക്കും അദ്ദേഹം വക്കീൽ നോട്ടീസ് അയച്ചു.
ബാരാസത്ത് നിയമസഭാ മണ്ഡലത്തിൽ മത്സരിക്കാൻ താൻ പാർട്ടി ടിക്കറ്റ് ആവശ്യപ്പെട്ടുവെന്ന ആരോപണവും കുടുംബത്തിനെതിരെ നടത്തിയ വ്യക്തിപരമായ പരാമർശങ്ങളും പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്ന് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്തിടെ നടന്ന വാർത്താസമ്മേളനത്തിൽ, ബാരാസത്തിൽ നിന്ന് എം.എൽ.എ ടിക്കറ്റിനായി ചിലർ തന്നെ സമീപിച്ചിരുന്നുവെന്നും എന്നാൽ പാർട്ടി നേതൃത്വം അത് നിരസിച്ചുവെന്നും മമത ബാനർജി പേരെടുത്തുപറയാതെ സൂചിപ്പിച്ചിരുന്നു. ഒരു കുടുംബത്തിലെ എല്ലാവർക്കും എം.പിയോ എം.എൽ.എയോ ആകാനാകില്ലെന്നും അവർ പരാമർശിച്ചിരുന്നു.
എന്നാൽ ബാരാസത്തിൽ നിന്ന് മത്സരിക്കാനോ നാമനിർദേശ പത്രിക സമർപ്പിക്കാനോ താൻ ഒരിക്കലും താൽപര്യം പ്രകടിപ്പിച്ചിട്ടില്ലെന്ന് അഡ്വക്കേറ്റ് പൂജ ശുക്ല മുഖേന നൽകിയ നോട്ടീസിൽ ഡോ. വൈദ്യനാഥ് വ്യക്തമാക്കി. തനിക്കും സഹോദരനും അമ്മയ്ക്കും മദ്യപാനശീലമുണ്ടെന്ന സൊണാലി ഗുഹയുടെ ആരോപണം അടിസ്ഥാനരഹിതവും അപകീർത്തികരവുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരു ഡോക്ടർ എന്ന നിലയിൽ വർഷങ്ങളായി നേടിയെടുത്ത സൽപ്പേരിനെ ഇത്തരം പരാമർശങ്ങൾ ബാധിച്ചുവെന്നും പൊതുവേദികളിൽ തന്റെ വ്യക്തിത്വത്തെ തകർക്കുന്ന ആരോപണങ്ങൾ ഉന്നയിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും നോട്ടീസിൽ പറയുന്നു. രാഷ്ട്രീയ വിവാദങ്ങളിലേക്ക് തന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ബാരാസത്തിൽ നിന്ന് മത്സരിക്കുന്നത് പരിഗണിക്കണമെന്ന് രാഷ്ട്രീയ കൺസൾട്ടൻസി പ്രതിനിധികളും തിരഞ്ഞെടുപ്പ് തന്ത്രജ്ഞരുമായി ബന്ധപ്പെട്ട ചിലരും തന്നെ പലതവണ സമീപിച്ചിരുന്നുവെന്നും വൈദ്യനാഥ് അവകാശപ്പെട്ടു. പൊതുജനാരോഗ്യ പ്രവർത്തനങ്ങളിലും രാഷ്ട്രീയ രംഗത്തും സജീവമാകാൻ തനിക്കു പ്രോത്സാഹനം ലഭിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
15 ദിവസത്തിനകം പരസ്യ മാപ്പും തിരുത്തലും ലഭിക്കാത്ത പക്ഷം അപകീർത്തി കേസുമായി മുന്നോട്ടുപോകുമെന്ന് ഡോ. വൈദ്യനാഥ് ദസ്തീദാർ മുന്നറിയിപ്പ് നൽകി. ഇതിനിടെ, അദ്ദേഹത്തിന്റെ അമ്മയും തൃണമൂൽ കോൺഗ്രസ് എം.പിയുമായ കാകോലി ഘോഷ് ദസ്തീദാർ പാർട്ടിയിലെ പ്രധാന സംഘടനാ ചുമതലകളിൽ നിന്ന് അടുത്തിടെ രാജിവെച്ചിരുന്നു. പാർട്ടിയുടെ പ്രവർത്തനശൈലിയെയും അഴിമതി ആരോപണങ്ങളെയും അവർ പരസ്യമായി വിമർശിക്കുകയും ചെയ്തിരുന്നു.






