കൊൽക്കത്ത: പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് സർക്കാരിനെയും മുഖ്യമന്ത്രി മമത ബാനർജിയെയും വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനിതാ സംവരണ ബില്ലിനെ പാർലമെന്റിൽ എതിർത്തതിലൂടെ ബംഗാളിലെ സ്ത്രീകളെ തൃണമൂൽ വഞ്ചിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. ബങ്കുറയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃണമൂലിന്റെ ഗുണ്ടകളും അഴിമതിക്കാരും ഏപ്രിൽ 29-നകം അടുത്തുള്ള പോലീസ് സ്റ്റേഷനുകളിൽ കീഴടങ്ങണമെന്ന് മോദി മുന്നറിയിപ്പ് നൽകി. മേയ് 4-നുശേഷം ആരെയും വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
തൃണമൂൽ നേതാക്കളുടെ ഇപ്പോഴത്തെ ഭീഷണികളും പ്രതികരണങ്ങളും തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള ഭയത്തിന്റെ സൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിഷ്ണുപുരിലെ മാഫിയാ പ്രവർത്തനങ്ങളെ ഇനി സഹിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നുഴഞ്ഞുകയറ്റക്കാർക്കുവേണ്ടി നിയമങ്ങൾ ലംഘിക്കുന്നതായും മതപരമായ സംവരണം പ്രോത്സാഹിപ്പിക്കുന്നതായും തൃണമൂലിനെതിരെ അദ്ദേഹം ആരോപിച്ചു. വനിതാ സംവരണ ബിൽ തടയാൻ കോൺഗ്രസുമായി ചേർന്ന് തൃണമൂൽ ഗൂഢാലോചന നടത്തിയെന്നും വോട്ടർമാർ ഇതിന് മറുപടി നൽകണമെന്നും മോദി പറഞ്ഞു. പശ്ചിമ ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ എത്തിയാൽ സൗജന്യ റേഷൻ, വീടിനുള്ള സാമ്പത്തിക സഹായം, ചികിത്സാ ആനുകൂല്യങ്ങൾ എന്നിവ ഉറപ്പാക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.




